റിട്ട. ജസ്റ്റിസ് കര്‍ണന്‍ ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി പ്രഖ്യാപിച്ചു

karanan

കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടതിലൂടെ വാര്‍ത്തയില്‍ നിറഞ്ഞ റിട്ട. ജസ്റ്റിസ് കര്‍ണന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആന്റി കറപ്ഷന്‍ ഡൈനമിക് പാര്‍ട്ടി എന്നാണ് പേര്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കര്‍ണന്‍ വ്യക്തമാക്കി. കര്‍ണന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ പ്രധാനമായും സ്ത്രീകളായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടക്കം മത്സരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. സ്ത്രീകള്‍ പല തരത്തിലും വിവേചനം നേരിടുന്നതിനാലാണ് അവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചതെന്ന് കര്‍ണ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്ക് അധികാരം കിട്ടിയാല്‍ 2019-20 വര്‍ഷത്തില്‍ മുസ്ലീം സ്ത്രീയെ പ്രധാന മന്ത്രിയാക്കുമെന്ന് കര്‍ണ്ണന്‍ പറഞ്ഞു. അതിനു ശേഷമുള്ള  അടുത്ത വര്‍ഷം പിന്നോക്ക ജാതിക്കാരിയേയും അത് കഴിഞ്ഞാല്‍ ഉയര്‍ന്ന ജാതിക്കാരിയായ സ്ത്രീയേയും പ്രധാനമന്ത്രിയാക്കും. സുപ്രീം കോടതിയിലേയും മദ്രാസ് ഹൈക്കോടതിയിലേയും ജഡ്ജുമാര്‍ ഉള്‍പ്പെട്ട അഴിമതികളെക്കുറിച്ച്‌ വെളിപ്പെടുത്തിയതിനാണ് ജസ്റ്റിസ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.