നെയ്യാറില്‍ ചാടിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

നെയ്യാറില്‍ ചാടിയ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. തേവന്‍കോട് വിഷ്ണു ഭവനില്‍ ശിവന്‍ കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ (20) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നെയ്യാര്‍ ഡാം മൈലക്കരയില്‍ മുകുന്ദറ പാലത്തിന് മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആര്യങ്കോട് മൂന്നാറ്റിന്‍ മുക്ക് കടവില്‍ നിന്നാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ പെണ്‍കുട്ടി നെയ്യാറിലേക്ക് ചാടിയത്. എന്നാല്‍ കാരണമെന്താണെന്ന് വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ അറിയില്ല. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് കുട്ടി ആറ്റിലേക്ക് ചാടിയത്. ഈ ഫോണില്‍ പെണ്‍കുട്ടി ആരോടാണ് അവസാനമായി സംസാരിച്ചതെന്നും മറ്റ് ഫോണ്‍വിളി വിശദാംശങ്ങളും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മുതല്‍ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തിരച്ചിലിനായി സ്‌കൂബ ടീം എത്തിയിരുന്നു. നെയ്യാര്‍ അണക്കെട്ട് ഒന്നര അടിയോളം തുറന്നിരുന്നതിനാല്‍ ആറ്റില്‍ ഇറങ്ങി മുങ്ങി തപ്പുന്നതിനു തടസ്സം നേരിട്ടിരുന്നു. ഒടുവില്‍ ഇന്ന് പന്ത്രണ്ട് മണിയോടെ മണ്ടപത്തിന്‍കടവ് മൂന്നറ്റിന്മുക്ക് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.