നടിയെ ആക്രമിച്ച സംഭവം ; കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും

dileep

നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനക്കേസില്‍ കുറ്റപത്രം ഈ ആഴ്ച സമര്‍പ്പിക്കും. നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനിയും സംഘവും കൃത്യംചെയ്തതെന്ന ഉള്ളടക്കത്തോടെ ദിലീപിനെ രണ്ടാംപ്രതിയാക്കിയാണ് കുറ്റപത്രം.

ഗൂഢാലോചനയ്ക്ക് ദിലീപ് നേതൃത്വം നല്‍കിയെന്ന് പറയുന്ന കുറ്റപത്രത്തില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ പേരിലുള്ള ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ദിലീപിലും ചുമത്തിയിട്ടുണ്ട്. പുറത്തുവരാത്ത നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെടെ കുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് സമര്‍പ്പിക്കുക. അതേസമയം, കുറ്റപത്രം സമര്‍പ്പിക്കുന്നതിനുമുമ്പ് നിര്‍ണായകനീക്കം അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സൂചനയുണ്ട്.

ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. മജിസ്ട്രേട്ടിനു മുന്നില്‍ പള്‍സര്‍ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവരടക്കം 16 പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ നിര്‍ണായകമാകും. രഹസ്യമൊഴികള്‍, കുറ്റസമ്മതമൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സാഹചര്യത്തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും. പലതും പ്രതികളുടെ ജാമ്യാപേക്ഷ വേളയില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചവയാണ്.

ബലാത്സംഗത്തിനു പുറമെ, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, തൊണ്ടിമുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍വയ്ക്കല്‍, ഐടി ആക്ട്പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവയും ദിലീപില്‍ ചുമത്തും. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച കേസിന്റെ പ്രാധാന്യവും സാക്ഷികളെ സ്വാധീനിക്കാനിടയുള്ള പ്രതികളുടെ സ്വാധീനവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും അന്വേഷണസംഘം ഉന്നയിക്കുമെന്നാണ് വിവരം. കേസില്‍ നിര്‍ണായകമാകുന്ന, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് കോടതിയെ അറിയിക്കും.

ഫെബ്രുവരി 17ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. അറസ്റ്റിലായ സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മൂന്നുമാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് ജാമ്യത്തിലാണ്.