Friday, April 19, 2024
HomeKeralaകരുതല്‍ തടങ്കലിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ശശികലയ്ക്ക് ജാമ്യം

കരുതല്‍ തടങ്കലിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്ത ശശികലയ്ക്ക് ജാമ്യം

ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാതെ തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാല്‍ മരക്കൂട്ടത്ത് വച്ച്‌ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവല്ല സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരിക്ക് കുടിച്ച്‌ ഉപവാസം അവസാനിപ്പിച്ച ശശികല ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് പോകുമെന്ന് വ്യക്തമാക്കി.ശശികലയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു.

പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച്‌ രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. ഇരുമുടിക്കെട്ടുമായി തന്നെ തിരിച്ചിറക്കിയത് ഏറെ വേദനാജനകമാണ്. പൊലീസ് നിലപാട് ഇപ്പോള്‍ തിരുത്തിയിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും സമാധാനപരമായി പിരിഞ്ഞു പോകണമെന്നമായിരുന്നു പ്രവര്‍ത്തകരോടുള്ള ശശികലയുടെ അഭ്യര്‍ത്ഥന.

വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അറസ്റ്റ്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് മലകയറുന്നതിനു മുന്‍പു തന്നെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലെന്ന നിയന്ത്രണം ലംഘിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്നാണ് അവരെ പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് റാന്നി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 2000 ത്തിലധികം ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വളഞ്ഞു. ഇതിനിടെ കെ പി ശശികല ഉപവാസം ആരംഭിച്ചു. ഉപവാസ സമരം അവസാനിപ്പിക്കാന്‍ എസ്പിയും ശബരിമല കര്‍മ്മ സമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല. തിരുവല്ല കോടതിയില്‍ ഹാജരാക്കാം അവിടെ നിന്നും ജാമ്യം തേടാമെന്നായിരുന്നു എസ്പിയുടെ നിലപാട്. പക്ഷേ തിരിച്ച്‌ ശബരിമലയില്‍ എത്തിക്കണമെന്ന നിലപാടില്‍ കര്‍മ്മ സമിതി ഉറച്ചു നിന്നു. പോലീസ് സുരക്ഷയില്‍ തന്നെ അറസ്റ്റു ചെയ്തിടത്തു തന്നെ തിരികെയെത്തിക്കണമെന്ന ശശികലയുടെ ആവശ്യം അംഗീകരിച്ചാണു നടപടി. തീരുമാനം വന്നതിനെ തുടര്‍ന്ന് റാന്നി പോലീസ് സ്റ്റേഷനുമുന്നില്‍ സംഘപരിവാര്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

ഭക്തരോട് സര്‍ക്കാര്‍ യുദ്ധ പ്രഖ്യാപനം നടത്തുകയാണ്. മനുഷ്യാവകാശ ലംഘനത്തിന് കേസ് കൊടുക്കാനാണ് തീരുമാനം. ശബരിമലയില്‍ യാതൊരു തരത്തിലുള്ള സൗകര്യങ്ങളുമില്ല. ഇത് ജനങ്ങള്‍ അറിയാതിരിക്കാനാണ് ഭക്തരെ തടയുന്നതെന്നും കെ.പി ശശികല ആരോപിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments