ഫെയ്‌സ്ബുക്കിന്റെ സി ഇ ഓ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാവുന്നു

mark zuckerberg

ഫെയ്‌സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒഴിയണമെന്ന ആവശ്യം കമ്പനിയിലെ മറ്റ് നിക്ഷേപകരില്‍ നിന്നും ശക്തമാവുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്‍റെ പേരില്‍ ശക്തമായ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് സ്ഥാപകന് അടുത്ത ഭീഷണി. മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിന്‍റെ ചെയര്‍മാന്‍ സ്ഥാനവും സി.ഇ.ഒ സ്ഥാനവും ഒന്നിച്ച് കയ്യാളുന്നത് ശരിയല്ലെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

നേരത്തെ, കമ്പനിക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ ചെറുക്കുന്നതിനും എതിരാളികൾക്കെതിരെ വാര്‍ത്തകള്‍ നല്‍കാനും ഫെയ്സ്ബുക്ക് ഒരു പി.ആര്‍ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫൈനേഴ്‌സ് പബ്ലിക്ക് അഫയേഴ്‌സ് എന്ന പബ്ലിക്ക് റിലേഷന്‍സ് സ്ഥാപനത്തെയാണ് തങ്ങള്‍ക്കനുകൂലമായ പ്രചാരണ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും ഫെയ്‌സ്ബുക്ക് നിയമിച്ചത്.

ഫെയ്‌സ്ബുക്കിനും സക്കര്‍ബര്‍ഗിനുമെതിരെയുള്ള വിമര്‍ശനങ്ങളെ ഡിഫൈനേഴ്‌സ് ജൂതവിരുദ്ധ പ്രചാരണങ്ങളാക്കി വ്യാഖ്യാനിച്ചുവെന്നും എതിരാളികളായ സ്ഥാപനങ്ങളെ വിമര്‍ശിച്ചു വാര്‍ത്താ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധമുണ്ടെന്ന ആരോപണം സക്കര്‍ബര്‍ഗ് നിഷേധിച്ചു. തങ്ങള്‍ ഈ സ്ഥാപനവുമായൊന്നിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ സക്കര്‍ബര്‍ഗ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് സക്കര്‍ബര്‍ഗ് സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി മറ്റു നിക്ഷേപകര്‍ രംഗത്ത് വന്നിരിക്കുന്നത്. ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കം കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയത് മൂലമുണ്ടായ വിവാദത്തിന് പിന്നാലെയുണ്ടായ നിരവധി വിവര ചോര്‍ച്ചാ സംഭവങ്ങളും കമ്പനിക്കെതിരെ നിരവധി രാജ്യങ്ങളിലുണ്ടായ നിയമ നടപടികളും സക്കര്‍ബര്‍ഗിന്‍റെ നേതൃ പാടവത്തെ സംശയത്തിന്‍റെ നിഴലിലാക്കിയിരുന്നു.