Tuesday, March 19, 2024
HomeCrimeബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്ന് പോലീസ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്ന് പോലീസ്

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് ആരോപണ വിധേയനായ ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉടനെ ഉണ്ടാകില്ലെന്ന് പോലീസ്. ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കോടതി തീരുമാനം അറിഞ്ഞതിന് ശേഷം മതി അറസ്റ്റ് എന്നാണ് പോലീസ് തീരുമാനം. ബിഷപ്പിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 25ലേക്ക് നീട്ടിയിരിക്കുകയാണ്. ബിഷപ്പിന്റെ ജാമ്യക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ നാളെയാണ് ബിഷപ്പിനെ പോലീസ് ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ വൈക്കത്ത് വെച്ച്‌ തന്നെ നടത്തും. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ചോദ്യം ചെയ്യല്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുള്ളൂ എന്നും അന്വേഷണ സംഘം വ്യക്തമാക്കി. പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബിഷപ്പിന്റെ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. തന്നെ കേസില്‍ കുടുക്കിയതാണ് എന്നും കന്യാസ്ത്രീയ്ക്ക് തന്നോട് വ്യക്തിവിരോധമുണ്ടെന്നും ബിഷപ്പ് ആരോപിക്കുന്നു. പീഡനപരാതിക്ക് പിന്നില്‍ അധികാരത്തര്‍ക്കം ആണെന്നും കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരി ആണെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം പതിനൊന്നാം ദിവസം പിന്നിടുകയാണ്. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ തന്നെ ഉണ്ടാകും എന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ന് കന്യാസ്ത്രീകള്‍ പറയുന്നു. ബിഷപ്പിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞില്ല എന്നത് സൂചിപ്പിക്കുന്നത് കോടതി സത്യത്തിന് ഒപ്പമാണ് എന്നാണെന്നും കന്യാസ്ത്രീകള്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments