Tuesday, April 23, 2024
HomeKeralaശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ ശ്രമം:പിണറായി

ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ ശ്രമം:പിണറായി

ശബരിമല ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനുമപ്പുറം ശബരിമല വളര്‍ന്നു കഴിഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നു മാത്രമല്ല 33 രാജ്യങ്ങളില്‍ നിന്ന് ശബരിമലയില്‍ തീര്‍ഥാടകര്‍ എത്തുന്നു എന്നാണ് ദേവസ്വം ബോര്‍ഡ് നല്‍കുന്ന വിവരം. സന്നിധാനത്ത് മണ്ഡല-മകരവിളക്ക് ഒരുക്കങ്ങളുടെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല വിമാനത്താവളം, ശബരി റെയില്‍വെ എന്നിവ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വിമാനത്താവളം പ്രഖ്യാപിച്ച ശേഷം നല്ല പ്രതികരണമാണ് എല്ലായിടത്തുനിന്നും ഉണ്ടായത്. ഇതിന്റെ തുടര്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കും. ശബരി റെയില്‍വേയ്ക്ക് സ്ഥലമെടുപ്പ് വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. ഇതോടൊപ്പം നിലവിലുള്ള പാതയില്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേക ട്രെയിനുകള്‍ അനുവദിക്കാന്‍ കേന്ദ്രവും റെയില്‍വേയും ആലോചിക്കണം.

ശബരിമലയിലെ പ്ളാസ്റ്റിക്കിന്റെ നിയന്ത്രണം തുടരും. കുപ്പിവെള്ളത്തെക്കാള്‍ നല്ല വെള്ളമാണ് കഴിഞ്ഞ സീസണില്‍ കിയോസ്ക്കിലൂടെ ജല വകുപ്പ് വിതരണം ചെയ്തത്. ഈ വര്‍ഷം അതോടൊപ്പം ചൂടുവെള്ള വിതരണവും തുടങ്ങും.

മാലിന്യം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ തീര്‍ഥാടകരുടെ സഹകരണം വേണം. അതിനായി വിവിധ ഭാഷകളില്‍ അറിയിപ്പ് നല്‍കും. വനംവകുപ്പും ദേവസ്വം ബോര്‍ഡും തമ്മില്‍ തര്‍ക്കമില്ല. വനം രക്ഷിക്കാനുള്ള ബാധ്യത വനംവകുപ്പിനുണ്ട്. തീര്‍ഥാടകരുടെ സൌകര്യങ്ങള്‍ ദേവസ്വം ബോര്‍ഡും നോക്കും. ഇക്കാര്യങ്ങളില്‍ ചര്‍ച്ചയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍, മാത്യു ടി തോമസ്, കെ രാജു, എംപിമാരായ ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, രാജു ഏബ്രഹാം എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ കെ രാഘവന്‍, അജയ് തറയില്‍ എന്നിവരും പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments