സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു

Bishop

മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 4.40ന് ആയിരുന്നു അന്ത്യം. കരൾ, വൃക്ക സംബന്ധമായ അസുഖത്തിനു ചികിൽസയിലായിരുന്നു. 2001 ഒക്ടോബർ ഒന്നു മുതൽ റാന്നി – നിലയ്ക്കൽ ഭദ്രാസനാധ്യക്ഷനാണ്. ഭൗതികശരീരം ഇന്നലെ തിരുവല്ലയിൽ എത്തിച്ചു. ഇന്നുകൂടി തിരുവല്ല എസ്‌സിഎസ് ക്യാംപസിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും. കബറടക്കശുശ്രൂഷ നാളെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയോടുചേർന്നുള്ള പ്രത്യേക കബറിടത്തിൽ നടക്കും. രാവിലെ 10 ന് നഗരികാണിക്കൽ. 10.30ന് കബറടക്ക ശുശ്രൂഷ ആരംഭിച്ച് പന്ത്രണ്ടിനു സമാപിക്കുമെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പെ‍ാലീത്തയും സഭാ സെക്രട്ടറി റവ.കെ.ജി. ജോസഫും അറിയിച്ചു. രോഗം മൂർച്ഛിച്ചതിനെ തുടർന്നു നാലു മാസമായി വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാവിലെ എട്ടു മുതൽ 11 വരെ കൊച്ചി എളംകുളം ജറുസലം മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സാമൂഹിക, ആധ്യാത്മിക മേഖലകളിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്കു രണ്ടു മണിയോടെ തിരുവല്ലയിലെത്തിച്ചു. സഭാധ്യക്ഷൻ ഡോ. ജോസഫ് മാർ‌ത്തോമ്മാ മെത്രാപ്പെ‍ാലീത്തയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. നാലു ഘട്ടമായുള്ള കബറടക്ക ശുശ്രൂഷയുടെ ആദ്യഘട്ടത്തിന് ഇതോടെ തുടക്കമായി.നെടുമ്പ്രം ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിലെ ചിറമേൽ കുടുംബത്തിൽപെട്ട മുളമൂട്ടിൽ ചിറയിൽ കണ്ടത്തിൽ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനായി 1944 ഏപ്രിൽ 26ന് ജനിച്ച അദ്ദേഹം 1969 മേയ് മൂന്നിനു ശെമ്മാശപട്ടവും ജൂൺ 14നു കശീശാ പട്ടവും സ്വീകരിച്ചു. ടൊറന്റോയിലെ വിക്ലിഫ് കോളജിൽ ഉപരിപഠനം നടത്തി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും മുംബൈയിലും ചെന്നൈയിലും കാനഡയിലെ ടൊറന്റോയിലും വികാരിയായിരുന്നു.1989 ഡിസംബർ ഒൻപതിനാണ് ഗീവർഗീസ് മാർ അത്തനാസിയോസ് എന്ന നാമത്തിൽ‌ എപ്പിസ്കോപ്പയായി അഭിഷേകം ചെയ്യപ്പെട്ടത്. തുടർന്നു മുംബൈ – ന്യൂഡൽഹി ഭദ്രാസനാധിപനായി. 1993 മുതൽ എട്ടു വർഷത്തോളം കോട്ടയം – കൊച്ചി ഭദ്രാസന ചുമതല നിർവഹിച്ചു. 2015 ഒക്ടോബർ രണ്ടിനു സഫ്രഗൻ മെത്രാപ്പൊലീത്തയായി. സി.ഐ.ഏബ്രഹാം, പരേതയായ മേഴ്സി എന്നിവർ സഹോദരങ്ങളാണ്.

ആത്മീയ പ്രവർത്തന ജീവിതത്തിനൊപ്പം പരന്ന വായനയിലും ശ്രദ്ധപുലർത്തിയ വ്യക്തിയാണ് ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. സ്വകാര്യ സംഭാഷണങ്ങളിൽപോലും നിരീക്ഷണങ്ങൾ നിറയ്ക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പുതിയ അറിവുകൾ തേടിയുള്ള യാത്രയായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. കവിത പോലെയുള്ള പ്രഭാഷണങ്ങളായിരുന്നു സഫ്രഗൻ മെത്രാപ്പൊലീത്തയുടെ പ്രത്യേകത. വായിച്ചതിൽനിന്നു പലതും കുറിച്ചു സൂക്ഷിക്കുകയും അവ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ഉപയോഗിക്കുകയും ചെയ്തിരുന്നു. രോഗാവസ്ഥയിലും അറിവുകൾ തേടി പുതിയ പുസ്തകങ്ങൾ കണ്ടെത്തി വായിച്ചു. ഫൊട്ടോഗ്രഫിയോടു വലിയ കമ്പമായിരുന്നു. കൃത്യനിഷ്ഠയിൽ കണിശക്കാരനായിരുന്ന അദേഹം സന്ദർശനം അനുവദിക്കുമ്പോൾ കൃത്യസമയത്ത് എത്തണമെന്ന് പ്രത്യേകം ഓർമിപ്പിച്ചിരുന്നു. സമ്മേളനങ്ങളിലേക്കു ക്ഷണിച്ചാലും അദ്ദേഹം കൃത്യസമയം പാലിച്ചിരുന്നു. മികച്ച വാഗ്മിയായ മാർ അത്തനാസിയോസ് കാൽനൂറ്റാണ്ടോളം മാരാമൺ കൺവൻഷനിലെ പ്രധാന പ്രാസംഗികരിൽ ഒരാളായിരുന്നു. കൺവൻഷന്റെ ചുമതലയുള്ള മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ചു. മുംബൈ – ന്യൂഡൽഹി ഭദ്രാസന ആസ്ഥാനത്ത് മാർ അത്തനാസിയോസ് സ്മാര‍ക മാർത്തോമ്മാ സെന്റർ സ്ഥാപിക്കാൻ നേതൃത്വം നൽകി. മുംബൈ ഭദ്രാസന ആസ്ഥാനത്തിനു ശിലയിട്ടതും അദ്ദേഹമാണ്. സഭയുടെ ഒട്ടേറെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃനിരയിൽ പ്രവർത്തിച്ചു. മാർത്തോമ്മാ സന്നദ്ധ സുവിശേഷ സംഘം പ്രസിഡന്റ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് മാനേജർ, നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയ‌ൻ അനുശോചനം അറിയിച്ചു. മലയാള മനോരമയ്ക്കു വേണ്ടി സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ റോയി ഫിലിപ് അന്തിമാഞ്ജലി അർപ്പിച്ചു. മാർത്തോമ്മാ സഭയുടെ എല്ലാ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കുമെന്ന് സഭാ സെക്രട്ടറി അറിയിച്ചു.