കുറിയന്നൂരിൽ പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒൻപതു വയസ്സുകാരനെ കാണാതായി

river

കുറിയന്നൂരിൽ ബന്ധുക്കളായ കുട്ടികൾക്കൊപ്പം പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ ഒൻപതു വയസ്സുകാരനെ കാണാതായി. മാതിരംപള്ളിൽ ഭഗവതിക‌ടവിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ഇടനാട്ട്കാവ് ദേവീക്ഷേത്രത്തിനു സമീപം മേലേതിൽ രാജേഷിന്റെ മകൻ രാഹുലാണ് ഒഴുക്കിൽപെട്ടത്. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേനാ യൂണിറ്റുകൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി ഏഴു വരെ നാട്ടുകാരായ യുവാക്കളും നദിയിൽ മുങ്ങി നീന്തിയെങ്കിലും ശ്രമം വിഫലമായി. മഴ പെയ്തതു മൂലമുള്ള വെള്ളമൊഴുക്ക് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. വസ്ത്രം അലക്കുന്നതിന് ബന്ധുവായ സ്ത്രീക്കൊപ്പമാണ് രാഹുലും പത്തും പതിനഞ്ചും വയസ്സുള്ള രണ്ടു കുട്ടികളും കടവിലെത്തിയത്. മൂവരും നദിയോരത്തു കളിക്കുന്നതിനിടെ രാഹുൽ വെള്ളത്തിലകപ്പെടുകയായിരുന്നു. മുതിർന്ന കുട്ടി പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും വഴുതിപ്പോയി. കുറിയന്നൂർ മാർത്തോമ്മാ ഹൈസ്കൂളിൽ അമ്മ അമ്പിളിക്കൊപ്പമെത്തി ഇന്നലെ അഞ്ചാം ക്ലാസിൽ ചേർന്നതിന്റെ ആഹ്ലാദത്തിലായിരുന്നു രാഹുലെന്ന് ബന്ധുക്കൾ പറഞ്ഞു. തിരച്ചിൽ ഇന്നും തുടരുമെന്ന് വാർഡംഗം എൻ.കെ.അജിതാകുമാരിയും പള്ളിയോട സേവാസംഘം ട്രഷറർ കെ.സഞ്ജീവ്കുമാറും പറഞ്ഞു. കോയിപ്രം എസ്ഐ കെ.എൻ.ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.