ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും സമര നാടകം നടത്തുകയാണെന്ന് രാഹുൽ ഗാന്ധി

rahul
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തില്‍ പ്രതിഷേധിച്ച്‌ ആം ആദ്മി മന്ത്രിമാര്‍ ലെഫ്‌റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വീട്ടില്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഡല്‍ഹിയിലെ ജനങ്ങലെ വിഡ്ഢികളാക്കി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും സമര നാടകം നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സമരത്തില്‍ നിന്നും പ്രധാനമന്ത്രി മുഖം തിരിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. ഇതാദ്യമാണ് വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ രംഗത്തെത്തുന്നത്. ‘ലഫ്‌റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ ആം ആദ്മി നേതാക്കള്‍ ധര്‍ണ നടത്തുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടില്‍ ബി.ജെ.പിയും ധര്‍ണ നടത്തുന്നു. ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളം നടത്തുന്നു. ഈ അരാജകത്വത്തില്‍ നിന്നും പ്രധാനമന്ത്രി മുഖം തിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ തീര്‍ക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. ഈ നാടകം തുടരുമ്ബോള്‍ ഡല്‍ഹിയിലെ ജനങ്ങളാണ് അനുഭവിക്കുന്നത്’- രാഹുല്‍ ട്വീറ്റ് ചെയ്‌തു. കേജ്‌രിവാളിന്റെ സമരത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് നിലപാട് അറിയിക്കാത്തത് ചര്‍ച്ചയായതോടെയാണ് രാഹുല്‍ പ്രതികരണവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ കേജ്‌രിവാളിന് പിന്തുണ അറിയിച്ചിരുന്നു.  അതേസമയം, മുഖ്യമന്ത്രി കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള സമരം ഏട്ടാം ദിവസത്തിലേക്ക് കടന്നിട്ടും ഗവര്‍ണര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. ഔദ്യോഗിക കാര്യങ്ങള്‍ മന്ത്രിമാര്‍ സമരസ്ഥലത്ത് നിന്നാണ് ചെയ്യുന്നത്. സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മോദിയുടെ ഓഫീസിലേക്ക് ആയിരക്കണക്കിന് ആം ആദ്മി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയിരുന്നു.