ദിലീപിന്റെ ജാമ്യാപേക്ഷ; ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി

dileep

നടി ആക്രമിക്കപ്പെട്ട കേസില്‍  ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ചതന്നെ അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന പ്രതിഭാഗം ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അടിയന്തരപ്രാധാന്യമുള്ള കേസല്ല ഇതെന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ പറഞ്ഞു.

കേസ് പഠിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് വ്യാഴാഴ്ച വാദംകേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ദിലീപിനുവേണ്ടി അഭിഭാഷകന്‍ രാംകുമാര്‍ തിങ്കളാഴ്ച രാവിലെയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ദിലീപിനെതിരെ തെളിവുകളൊന്നുമില്ലെന്നും സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍പറയുന്നു. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. അതിനാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നാണ് ജാമ്യാപേക്ഷയിലെ വാദം. അങ്കമാലി മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് എംഎല്‍എമാരുടെ മൊഴിയെടുത്തു. കെ അന്‍വര്‍ സാദത്ത്, മുകേഷ് എന്നിവരുടെ മൊഴിയാണ് അന്വേഷണസംഘം എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍വച്ച് ശേഖരിച്ചത്. പി ടി തോമസ് എംഎല്‍എയുടെ മൊഴിയെടുക്കല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി.

ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായുള്ള ബന്ധത്തിലാണ് അന്‍വര്‍ സാദത്തിന്റെ മൊഴിയെടുത്തത്. അന്‍വര്‍ സാദത്ത് ദിലീപുമായി ദീര്‍ഘമായി ഫോണില്‍ സംസാരിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങള്‍ നേരത്തെ സുഹൃത്തുക്കളാണെന്ന മറുപടിമാത്രമാണ് അന്‍വര്‍ നല്‍കിയത്. ദിലീപുമായി ഫോണ്‍ ചെയ്യാനുണ്ടായ സാഹചര്യം അന്വേഷണസംഘത്തെ അറിയിച്ചെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദിലീപുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്.

നടിക്കുനേരെ അക്രമം നടന്ന സംഭവത്തിന് തൊട്ടടുത്ത ദിവസംമുതലുള്ള ഫോണ്‍സംഭാഷണങ്ങളെപ്പറ്റി അന്വേഷണോദ്യോഗസ്ഥര്‍ ചോദിച്ചു. ദിലീപിന്റെ വീട്ടിലും പോയിരുന്നു. ജയ്ഹിന്ദ് ചാനലുമായി ബന്ധപ്പെട്ടാണ് ദിലീപുമൊന്നിച്ച് വിദേശത്ത് പോയത്. ദിലീപുമായി സാമ്പത്തിക ഇടപാടില്ലെന്നും പള്‍സര്‍ സുനിയെ അറിയില്ലെന്നും പൊലീസിനെ അറിയിച്ചതായും അന്‍വര്‍ സാദത്ത് പറഞ്ഞു.

പള്‍സര്‍ സുനിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് മുകേഷിനോട് ചോദിച്ചത്. സുനി ഒരുവര്‍ഷം തന്റെ ഡ്രൈവറായിരുന്നുവെന്നും ആ ബന്ധമാണ് തനിക്കുള്ളതെന്നും മുകേഷ് മൊഴിനല്‍കി.

അതിനിടെ, സ്പീക്കറുടെ അനുമതിയില്ലാതെയാണ് എംഎല്‍എ ഹോസ്റ്റലില്‍വച്ച് മൊഴിയെടുത്തതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഇക്കാര്യം നിയമസഭാ സെക്രട്ടറി പൊലീസ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, എംഎല്‍എമാര്‍ പറഞ്ഞതനുസരിച്ച് ഹോസ്റ്റലില്‍നിന്ന് മൊഴിയെടുത്തതെന്ന് പൊലീസ് മറുപടി നല്‍കി.