കോരിച്ചൊരിയുന്ന മഴയിൽ വിവാഹ സംഘത്തിന്റെ വാഹനത്തിന് നേരെ അക്രമം

കോട്ടയത്തെ കടയത്ത് ജൂലൈ 16നാണ് സംഭവം ഉണ്ടായത്. കോരിച്ചൊരിയുന്ന കനത്തമഴയിലാണ് സംഘം അക്രമം അഴിച്ചുവിട്ടത്. മഴയത്ത് ഇവര്‍ റോഡിന് നടുവില്‍ കയറിനിന്ന് വാഹങ്ങള്‍ തടയുകയായിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്നും വിവാഹം കഴിഞ്ഞ് തൃശൂരിലേക്ക് വരുകയായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്ന വാഹനമാണ് ഇവര്‍ തടഞ്ഞത്. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ കളിച്ചു കൊണ്ടിരിക്കുന്നവര്‍ വാഹനം തടഞ്ഞു നിര്‍ത്തി ബോണറ്റില്‍ ശക്തമായി അടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. അക്രമം നടത്തിയവര്‍ മദ്യലഹരിയിലാണെന്നാണ് പോലീസ് പറയുന്നത്. വധുവും വരനും മറ്റ് ബന്ധുക്കളും അടങ്ങുന്ന വാഹനമാണ് ഇവര്‍ തടഞ്ഞത്. തടഞ്ഞ ശേഷം തെറി വിളിക്കുകയും വാഹനം നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വരനും വധുവും വധുവിന്റെ അമ്മയും വരന്റെ സുഹൃത്തും ഉള്‍പ്പെട്ട സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാവുകയും ചെയ്തു.വീഡിയോയില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പാലാ പൊലീസ് വ്യക്തമാക്കി.