നടി ആക്രമിക്കപ്പെട്ട രാത്രി രമ്യാ നമ്പീശനെ ദിലീപ് വിളിച്ചു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍. നടി ആക്രമണത്തിന് ഇരയായ ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോണ്‍ ചെയ്തിരുന്നുവെന്ന് പ്രോസിക്യൂഷന്‍ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചു. രാത്രി പത്ത് മണിയോടെ ലാന്‍ഡ് ഫോണില്‍ നിന്നാണ് ദിലീപ് രമ്യാ നമ്പീശനെ വിളിച്ചത്. ഇത് സംശയാസ്പദമാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. കൂടാതെ അന്നേദിവസം രാത്രി 12.30 വരെ ദിലീപ് പലരുമായും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. തനിക്ക് പനിയായിരുന്നുവെന്നും നടി ആക്രമിക്കട്ടതിനെക്കുറിച്ച് അറിയുന്നത് രാവിലെയാണെന്നുമാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ രാത്രി 12.30 വരെ ഫോണ്‍ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടയാള്‍ തനിക്ക് പനിയായിരുന്നുവെന്ന് പറഞ്ഞത് മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ പുതിയ തെളിവുകള്‍ കോടതിക്ക് മുന്‍പാകെ അവതരിപ്പിച്ചത്. ദീലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നുവെന്നും അന്വേഷണം പൂര്‍ത്തീകരിക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും ദിലീപും ഉത്തരവാദിയാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്.