Thursday, April 25, 2024
HomeKeralaശബരിമല സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താലിൽ സംസ്ഥാനത്ത് കനത്ത സംഘർഷം

ശബരിമല സംരക്ഷണ സമിതി നടത്തിയ ഹര്‍ത്താലിൽ സംസ്ഥാനത്ത് കനത്ത സംഘർഷം

ഹര്‍ത്താൽ സംസ്ഥാനത്തെ സ്തംഭിപ്പിച്ചു

ബിജെപി പിന്തുണയോടെ ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താൽ സംസ്ഥാനത്തെ തന്നെ സ്തംഭിപ്പിച്ചു കൊണ്ടാണ് അവസാനിക്കുന്നത്. വിവിധ ഇടങ്ങളില്‍ കനത്ത സംഘര്‍ഷമുണ്ടായി. നാടിൻെറ നാനാഭാഗത്തു നിന്നും അക്രമത്തിന്റെ വാര്‍ത്തയാണ് കേള്‍ക്കുന്നത്. പൊലീസുകാരും സാധാരണക്കാരും ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ഹര്‍ത്താലില്‍ പരുക്കേറ്റിരിക്കുന്നത്‌ . പല സ്ഥലങ്ങളിലും കെഎസ്‌ആര്‍ടി ബസുകള്‍ തല്ലി തകര്‍ക്കുകയാണ് ഉണ്ടായിരിക്കുന്നത് .

സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു

എല്ലാ ജില്ലകളിലും ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ നിലയിലായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ തടയുകയുണ്ടായി . റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയവര്‍ വാഹനം കിട്ടാതെ അലഞ്ഞു . തിരുവനന്തപുരത്തും കിളിമാനൂരിലും ഹര്‍ത്താലനുകൂലികള്‍ കെഎസ്‌ആര്‍ടിസി ബസ്സുകൾ എറിഞ്ഞു തകര്‍ത്തിട്ടുണ്ട് . അങ്കമാലിയില്‍ കര്‍ണാടക ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. കോഴിക്കോട്, മല്ലപ്പുറം ജില്ലകളിലും ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. ആലുവയില്‍ തുറന്ന ഹോട്ടലിൽ ആക്രമണം അഴിച്ചു വിട്ടു. എന്‍ഡിഎയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി.

ശിവസേന നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി

ശിവസേന നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായതിന്റെ ഫലമായി പൊലീസുമായി സംഘർഷം ഉണ്ടായി . തിരൂര്‍ താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ ആക്രമിക്കയും സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറില്‍ പരിക്കേൽക്കുകയും ചെയ്തു. നിലക്കലില്‍ മാത്രം 13 കെഎസ്‌ആര്‍ടിസി ബസുകള്‍ ആക്രമണത്തിൽ തകർന്നു.

കെഎസ്‌ആര്‍ടിസിക്ക് വന്‍ നാശനഷ്ടം

ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഉച്ചയായപ്പോള്‍ തന്നെ കെഎസ്‌ആര്‍ടിസിക്ക് വന്‍ നാശനഷ്ടമാണ് വരുത്തിയിരിക്കുന്നത് . കോട്ടയത്തും പത്തനംതിട്ടയിലും അടൂരും ഗുരുവായൂരുമെല്ലാം കെഎസ്‌ആര്‍ടിസി ബസുകക്കു നേരെ വലിയ ആക്രമണം ഉണ്ടായി.

കെ എസ് ആർ ടി സി സര്‍വീസ് നിര്‍ത്തി

പൊലീസ് സംരക്ഷണമുണ്ടെങ്കിൽ മാത്രമേ സര്‍വീസ് നടത്താൻ കഴിയൂവെന്ന് ജീവനക്കാര്‍ അറിയിച്ചു. തുടർന്ന് സര്‍വീസ് നിര്‍ത്തി വയ്ക്കുവാൻ നിർബന്ധിതമായി. അടൂര്‍ ഡിപ്പോയിലെ കെ എസ് ആർ ടി സി ബസ്സിന്‌ കുളനടയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് പാറയ്ക്കല്‍ എന്ന സ്ഥലത്തു കല്ലേറിൽ നാശനഷ്ടമുണ്ടായി . പാലക്കാടും കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണുണ്ടായത്. പാലക്കാട് ഡിപ്പോയിൽ ഒരു ഓര്‍ഡിനറി ബസിന് ആക്രമികള്‍ തീ വെച്ചു . സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഡിപ്പോയിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ നാശനഷ്ടങ്ങള്‍ ‘ഉണ്ടാകാതെ തീ അണയ്ക്കാനായി.

300 പേര്‍ക്കെതിരെ പോലീസ് കേസ്സ്

കഴിഞ്ഞദിവസം പമ്പയിലും നിലയ്ക്കലിലുമുണ്ടായ അക്രമത്തില്‍ 300 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് . ഇത് വരെ 16 കേസുകളാണു രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത് . രാഹുല്‍ ഈശ്വറിനും പ്രയാര്‍ ഗോപാലകൃഷ്ണനുമെതിരെ ജാമ്യമില്ലാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത് . ഇനിയും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം നിരോധനാജ്ഞയെത്തുടര്‍ന്നു ശബരിമലയിലെ സുരക്ഷ ശക്തമാക്കി. പമ്പ , നിലയ്ക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണു നിരോധനാജ്ഞ.

സുരക്ഷ കൂടുതൽ ശക്തമാക്കി

തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനു ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ പറഞ്ഞു . 100 വനിതാ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട് . ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് മല കയറാന്‍ ശ്രമിച്ചത് തടഞ്ഞതോടെയാണ് സുരക്ഷ കൂടുതൽ ശക്തമാക്കിയിരിക്കുന്നത്.

മതസ്പർദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ നിര്‍ദേശം

സമൂഹ മാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകള്‍ കൈമാറിയവര്‍ക്കെതിരെയും മ്യൂസിയം പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമികളെ കണ്ടെത്താന്‍ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഇവര്‍ വന്ന വാഹനങ്ങള്‍ നിരീക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു. മതസ്പർദ്ധ വളര്‍ത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട് .

ദേവസ്വം മന്ത്രിയുടെ ആസൂത്രിത ഗൂഢാലോചനയെന്ന് ആർ എസ് എസ്

അതേസമയം ദേവസ്വം മന്ത്രിയുടെ ആസൂത്രിത ഗൂഢാലോചനയാണ് ശബരിമലയെ കലാപഭൂമിയാക്കിയതെന്നാണ് ആര്‍ എസ് എസ് പ്രാന്തകാര്യവാഹ് പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞത് . ക്ഷേത്ര വിശ്വാസികള്‍ നടത്തിവന്ന സമാധാനപരമായ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് മന്ത്രി പദ്ധതിയൊരുക്കിയതെന്നു അദേഹം ആരോപിച്ചു. മന്ത്രിയുടെ ഗൂഢപദ്ധതി വിജയിപ്പിക്കാന്‍ കൂട്ടുനിന്ന ചിലരും പോലീസുമാണ് ഇതിലെ പ്രതികള്‍.

പോലീസ് പ്രകോപനം സൃഷ്ടിച്ചുവെന്ന് ആരോപണം

പോലീസ് പ്രകോപനം സൃഷ്ടിച്ച്‌ അന്തരീക്ഷം വഷളാക്കുകയാണ്. എ എച്ച്‌ പി ഭാരവാഹിയുടെ ശബ്ദ സന്ദേശമാണ് ആര്‍ എസ് എസിന്റെ തലയില്‍ കെട്ടിവെക്കാൻ മാത്രമാണ് മന്ത്രി വാര്‍ത്താ സമ്മേളനം നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി മന്ത്രിയുടെ നിലവാരം തരം താണുപോയെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി നടപ്പിലാക്കാന്‍ നിരീശ്വരവാദികളെയും പാര്‍ട്ടി ഗ്രാമങ്ങളിലെ ചാവേറുകളെയും സജ്ജമാക്കുകയാണ് സി പി എമെന്നും അദ്ദേഹം ആരോപിച്ചു . ശബരിമലയുടെ പ്രാധാന്യം ഇല്ലാതാക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുൻപ് നടത്തിയ പരിശ്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments