ബിജെപി-ആര്‍എസ്‌എസ് നേതാക്കൾ ശബരിമല സമരത്തിൽ നിറഞ്ഞപ്പോൾ രാഹുല്‍ ഈശ്വർ ഔട്ടായി

RAHUL

ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച്‌ കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചതിന് പിന്നാലെ വിധിക്കെതിരെ പ്രതിഷേധവുമായി വാർത്തകൾ നിറഞ്ഞു നിന്നതു രാഹുൽ ഈശ്വർ ആയിരുന്നു. അങ്ങനെ അയ്യപ്പ ധര്‍മ്മ സേനാ പ്രസിഡണ്ടായി ഷൈൻ ചെയ്തു നിന്ന രാഹുല്‍ ഈശ്വര്‍  ഇപ്പോൾ സമര രംഗത്തു നിന്നും രാഹുൽ ഔട്ടായി.

ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും നേതാക്കളാണ് കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. പക്ഷേ അങ്ങനെ പിന്മാറാൻ രാഹുല്‍ ഈശ്വര്‍ തയ്യാറല്ല. സമര രംഗത്ത് ഇല്ലെങ്കിലും നിയമം ലംഘിച്ച്‌ ശബരിമല കയറാന്‍ ശ്രമിച്ച്‌ അറസ്റ്റിലായ കെപി ശശികലയെ കാണാന്‍ പോലീസ് സ്‌റ്റേഷനിലെത്തി ഒരു സെല്‍ഫിയും എടുത്തു. ഫ്രെയിമിലേക്ക് കയറാനുള്ള അതിമോഹം! അതും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.

ഹൈക്കോടതി ഉത്തരവ് പ്രകാരം പോലീസ് സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഹാദിയയെ വീട്ടില്‍ ചെന്ന് കണ്ട് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ട് വെട്ടിലായ ചരിത്ര കൂടിയുണ്ട് രാഹുല്‍ ഈശ്വറിന്. ശബരിമല വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ തൊട്ടതെല്ലാം പരാജയപ്പെട്ടിരുക്കുകയാണ്.

ശബരിമല വിഷയത്തില്‍ വിശ്വാസികളെ തെരുവിലിറക്കിയ രാഹുല്‍ ഇപ്പോള്‍ കേസുകള്‍ കൊണ്ട് അലഞ്ഞു നടക്കുകയാണ്. അതിനിടെയിലാണ് കൂനിന്മേൽ കുരു പോലെ പോലീസ് സ്‌റ്റേഷനിലെ സെല്‍ഫിയും വിവാദത്തിലായിരിക്കുന്നത്.

പോലീസ് നിര്‍ദേശം ലംഘിച്ച്‌ ശബരിമലയില്‍ കയറാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റാന്നി പോലീസ് സ്‌റ്റേഷനിലാണ് മണിക്കൂറുകളോളം ശശികലയെ ഇരുത്തിപ്പോഴാണ് രാഹുല്‍ ഈശ്വര്‍ എത്തിയത്. രാവിലെ നിലയ്ക്കല്‍ സ്‌റ്റേഷനില്‍ ചെന്ന് ഒപ്പിട്ട ശേഷം മടങ്ങുന്ന വഴിയിലാണ് രാഹുല്‍ ശശികലയെ കാണാന്‍ ചെന്നത്.

പോലീസ് സ്‌റ്റേഷനില്‍ വെച്ച്‌ ശശികലയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് ഫേസ്ബുക്കിലേക്ക് പോസ്റ്റ് ചെയ്തു. ഭക്തരെ അറസ്റ്റ് ചെയ്തതില്‍ സിഐയോട് വിയോജിപ്പ് അറിയിച്ചുവെന്നും രാഹുല്‍ ഈശ്വര്‍ പോസ്റ്റിലെഴുതി.

അറസ്റ്റിലായ പ്രതിക്കൊപ്പം സ്റ്റേഷനില്‍ ചെന്ന് സെല്‍ഫിയെടുത്തത് വിവാദമായിരിക്കുകയാണ്, ബിജെപിയും ആര്‍എസ്‌എസും ചിത്രത്തിലില്ലാതിരുന്നപ്പോള്‍ ശബരിമല പ്രതിഷേധം നയിച്ച രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ ഫ്രെയിമില്‍ നിന്ന് ഏറെക്കുറെ ഔട്ടായി .

തൃപ്തി ദേശായിയെ നെടുമ്പാശേരിയില്‍ തടഞ്ഞപ്പോള്‍ സ്ഥലത്തെത്തിയ രാഹുല്‍ ഈശ്വർ നിരാശനായി മടങ്ങേണ്ടി വന്നു. നേതാക്കളടക്കം രാഹുല്‍ ഈശ്വറിനെ അവഗണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സന്നിധാനത്തേക്കും രാഹുല്‍ ഈശ്വറിന് പോകാന്‍ പറ്റില്ല.

സംഘര്‍ഷത്തിന് നേതൃത്വം കൊടുക്കാന്‍ സാധ്യതയുളള നേതാക്കളെ ആരെയും ശബരിമലയിലേക്ക് കടക്കാന്‍ അനുവദിക്കില്ല എന്ന കര്‍ശന നിലപാടെടുത്തിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥയുടെ ഭാഗമായി നിലയ്ക്കല്‍ സ്‌റ്റേഷനില്‍ വന്ന് ഒപ്പിട്ട ശേഷം സന്നിധാനത്തേക്ക് പോകാന്‍ രാഹുല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്ന്നിധാനത്തേക്ക് പോയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് മുന്നറിയിപ്പ് കേട്ടപ്പോൾ തന്നെ രാഹുല്‍ ഈശ്വര്‍ മടങ്ങിപ്പോയി.

നിലവില്‍ ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ രണ്ട് കേസുകളാണ് രാഹുല്‍ ഈശ്വറിന് മേലുളളത്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ഭക്തരെ തടഞ്ഞതിന് രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ ഒരാഴ്ച അകത്ത് കിടന്ന ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങി.

ജാമ്യം കിട്ടി പുറത്തിറങ്ങിയതിന് പിന്നാലെയാണ് യുവതികള്‍ കയറിയാല്‍ രക്തം വീഴ്ത്തി സന്നധാനം അശുദ്ധമാക്കുളള പദ്ധതിയുണ്ടായിരുന്നു എന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റിലായത്. ഈ കേസില്‍ ജാമ്യം നേടിയാണ് വീണ്ടും പുറത്ത് ഇറങ്ങിയത്.

സുപ്രീം കോടതി വിധി വീണ്ടും എതിരാണെങ്കില്‍ സമരത്തിന് ഇറങ്ങുമെന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും പറയുന്നു.വീണ്ടും ഫ്രെയിമിലേക്ക് ഇടിച്ചുകയറാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്ന് ചുരുക്കം. ഇന്ന് പ്രാര്‍ത്ഥന പ്രക്ഷോഭത്തിനുള്ളവര്‍ ആയതിനാല്‍ വിശ്രമിക്കണമെന്നും നാളെ വിധി എതിരായാല്‍ ശബരിമലയിലേക്ക് പോകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

യുദ്ധക്കൊതി നല്ലതല്ലെന്നും ആത്മസംയമനം പാലിക്കുവാനും രാഹുല്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ശബരിമലയില്‍ ധര്‍മയുദ്ധമാണ് ചെയ്യേണ്ടതെന്നും അല്ലാതെ രാഷ്ട്രീയ യുദ്ധത്തിനുള്ള വേദിയാക്കി മാറ്റരുതെന്നും പറയുന്ന അദ്ദേഹം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണവും തേടുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

– പോലീസ്, നാളെ സുപ്രീം കോടതി വിധി വരുന്നത് വരെ യുവതികളെ കയറ്റില്ല – (3 Points, 30 1 minute)

** പ്രാര്‍ത്ഥന പ്രക്ഷോഭത്തിനുള്ളവര്‍ ഇന്ന് വിശ്രമിക്കണം, നാളെ സുപ്രീം കോടതി വിധി എതിരായാല്‍ നമുക്ക് തിരിച്ചു ശബരിമലയില്‍ എത്തി പ്രതിരോധിക്കാനുള്ളതാണ് പക്വത

** നമ്മള്‍ വിശ്വാസികള്‍ ആത്മ സംയമനം കാണിക്കണം. നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും നാളെ സുപ്രീം കോടതിയില്‍ മറുപക്ഷം ചൂണ്ടിക്കാട്ടും. ധര്‍മ്മ യുദ്ധം നല്ലതാണു.. പക്ഷെ യുദ്ധ കൊതി നല്ലതല്ല. അടികൂടാന്‍ വേണ്ടി അടികൂടരുത്. അയ്യപ്പ ഭക്തരുടെ Credibility പൊതു സമൂഹത്തില്‍ അത് കുറയ്ക്കും. പോലീസ് നിയന്ത്രണം കുറെ കൂടി കുറക്കണം. യുദ്ധ സമാനമായ സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കരുത്

** നെയ് നെയ് തേങ്ങാ സ്വാമി അയ്യപ്പന് വേണ്ടിയുള്ളതാണ്.. തൃപ്തി ദേശായി, രെഹ്ന ഫാത്തിമ അടക്കമുള്ള ഫെമിനിസ്റ്റുകളെ എറിയാനുള്ളതല്ല. നെയ് തേങ്ങാ ആയുധം അല്ല, ആത്മീയം ആണ്.

** 66 ദിവസം ഒരുപക്ഷെ പ്രതിരോധിക്കേണ്ടി വന്നേക്കാം. കോണ്‍ഗ്രസ്, ബിജെപി , അടക്കം ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.. NSS, RSS, സാമുദായിക സംഘടനകള്‍ അടക്കം, മറ്റു സംസ്ഥാന ഭക്തരും ഒരുമിച്ചു ധാരണയിലെത്തിയാലേ നമുക്ക് വിജയിക്കാന്‍ കഴിയു.

1) ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയില്‍ ധാരണ ഹര്‍ജി കൊടുത്തു. അത് കൊണ്ട് തിങ്കളാഴ്‌ച ഉച്ചയോടു കൂടി വിധി വരുന്നത് വരെ യുവതികളെ പോലീസ് തന്നെ പ്രവേശിപ്പിക്കില്ല. വ്യാജ വാര്‍ത്തകളിലൂടെ നമ്മള്‍ ഭക്തര്‍ പ്രകോപനങ്ങള്‍ ഉണ്ടാക്കരുത്.

2) പോലീസ്, ദേവസ്വം സംവിധാനങ്ങളോട് നമ്മള്‍ സഹകരിക്കണം. നമുക്ക് ഇതു രാഷ്ട്രീയ യുദ്ധം അല്ല, ആത്മീയ പോരാട്ടം ആണ്. ശബരിമല വിശ്വാസത്തിനു വേണ്ടി നിലകൊലുന്ന എല്ലാ കോണ്‍ഗ്രസ്, ബിജെപി നേതാക്കളെ പിന്തുണക്കുകയും വേണം. ശശികല ടീച്ചര്‍, ശ്രീ കെ സുരേന്ദ്രന്‍, പ്രിത്വിപാല്‍ അടക്കം ഉള്ളവര്‍ക്ക് ആശംസ നേരുന്നു. ഇന്ന് ശബരിമല കയറുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശംസ നേരുന്നു.

3) ശബരിമല ധര്‍മ്മ യുദ്ധം രാഷ്ട്രീയ വിഷയം ആയി താണു പോയാല്‍ അത് അയ്യപ്പനോട് ചെയ്യുന്ന തെറ്റാണു, നമ്മള്‍ പരാജയപ്പെടുകയും ചെയ്യും. ജെല്ലിക്കെട്ടിനെ പോലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും വിശ്വാസത്തില്‍ എടുത്തു നമുക്ക് ഈ ധര്‍മ്മ യുദ്ധം ജയിക്കണം.