Thursday, April 18, 2024
HomeNationalജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ട - സുപ്രീം കോടതി

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ട – സുപ്രീം കോടതി

മുന്‍ സി.ബി.ഐ കോടതി ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഏറെ വിവാദമുയര്‍ത്തിയ സംഭവത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ടത്. ജസ്റ്റിസ് ലോയയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ദുരൂഹതയില്ലെന്നും ജുഡീഷ്യല്‍ ഓഫീസര്‍മാരായ ശ്രീകാന്ത് കുല്‍ക്കര്‍ണി, ശ്രീരാം മൊഡാക്, എം. രതി, വിജയ്കുമാര്‍ ബദ്രെ എന്നിവരുടെ വിശദീകരണവും ബോംബെ ഹൈക്കോടതി ജസ്റ്റിസുമാരായ ഭൂഷണ്‍ ഗവായ്, സുനില്‍ ഷുക്രെ എന്നിവരുടെ ദൃഢപ്രസ്താവവും അവിശ്വസിക്കാന്‍ കാരണമില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

വാദത്തിനിടെ, നിലവിലെ ഹര്‍ജിയുമായി ബന്ധമില്ലാത്ത ജഡ്ജിമാരെ വരെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയെന്നും ജുഡീഷ്വറിയെ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. യോഗ്യതയില്ലാത്ത ഹര്‍ജികളുമായി രാഷ്ട്രീയ, ബിസിനസ് യുദ്ധങ്ങള്‍ കോടതിയില്‍ നടത്തരുതെന്നും കോടതി പറഞ്ഞു. നേരത്തെ ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം. ശന്തനഗൗഡര്‍ എന്നിവര്‍ വാദം കേള്‍ക്കാനിരുന്ന ഹര്‍ജികള്‍ പിന്നീട് കാരണം വ്യക്തമാക്കാതെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഏറ്റെടുക്കുകയായിരുന്നു. ബോംബെ ഹൈക്കോടതിയില്‍ ബോംബെ ലോയേഴ്‌സ് അസോസിയേഷനും സൂര്യകാന്ത് ലോഡ്‌ഗെയും നല്‍കിയ ഹര്‍ജികളും തങ്ങള്‍ക്കു വിടാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു. സമാനമായ കേസുകള്‍ പരിഗണിക്കേണ്ടെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി ഉത്തരവിട്ടു.

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്രാബുദ്ദീന്‍ വധക്കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍, മുന്‍ നേവി അഡ്മിറല്‍ എല്‍ രാംദാസ്, ആക്ടിവിസ്റ്റ് തഹ്‌സീന്‍ പൂനാവാല, മഹാരാഷ്ട്രയിലെ പത്രപ്രവര്‍ത്തകന്‍ ബന്ധുരാജ് സംഭാജി ലോനെ, ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ തുടങ്ങിയവരാണ് ഹര്‍ജി നല്‍കിയിരുന്നത്. ദുഷ്വന്ത് ദാവെ, ഇന്ദിര ജയ്‌സിങ്, വി. ഗിരി, പല്ലവ് സിഷോഡിയ, പി.വി സുരേന്ദ്രനാഥ് തുടങ്ങിയ അഭിഭാഷകരാണ് കേസ് വാദിച്ചത്. ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബത്തെ ഉദ്ധരിച്ച് ‘ദി കാരവന്‍’ മാഗസിന്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജസ്റ്റിസ് ലോയയുടെ മരണം വിവാദമായത്. മരണത്തില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് പ്രഥമദൃഷ്ട്യാ സംശയമുണര്‍ത്തുന്ന തെളിവുകള്‍ കാരവനും ആക്ടിവിസ്റ്റുകളും പുറത്തുവിട്ടിരുന്നു. തുടര്‍ ഹര്‍ജകള്‍ പ്രോത്സാഹിപ്പിക്കാത്ത വിധത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് നിയമ വൃത്തങ്ങളില്‍ ഞെട്ടലിന് കാരണമായിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments