ബിസിസിഐ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നിയമകമ്മീഷന്‍ ശുപാര്‍ശ.

cricket india bcci

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെയും (ബിസിസിഐ) സംസ്ഥാന അസോസിയേഷനുകളെയും വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നിയമകമീഷന്‍ ശുപാര്‍ശ. കേന്ദ്രനിയമ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജസ്റ്റിസ് ബി എസ് ചൗഹാന്‍ അധ്യക്ഷനായ കമീഷന്റെ ശുപാര്‍ശ. മറ്റ് കായിക അസോസിയേഷനുകളും പൊതുസ്ഥാപനങ്ങളും നിയമപരിധിയില്‍ ആണെന്നിരിക്കെ ബിസിസിഐക്കുമാത്രം ഇളവ് അനുവദിക്കേണ്ടതില്ല. ലോകത്തെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ്ബോര്‍ഡുകളില്‍ ഒന്നായ ബിസിസിഐ നിലവില്‍ തമിഴ്നാട്ടിലെ സൊസൈറ്റി ആക്‌ട് പ്രകാരം ഒരു സൊസൈറ്റിയായിട്ടാണ് രജിസ്റ്റര്‍ ചെയ്തത്. ഈ സ്ഥിതിയില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചെന്നും ബിസിസിഐയെ പൊതുസ്ഥാപനമാക്കണമെന്നുമാണ് നിയമകമീഷന്റെ അഭിപ്രായം. സര്‍ക്കാരില്‍നിന്ന് പ്രത്യക്ഷമായി സാമ്ബത്തികസഹായം ലഭിക്കുന്നില്ലെങ്കിലും പരോക്ഷമായി ലഭിക്കുന്നുണ്ട്. 1997-2007 കാലയളവില്‍മാത്രം 2100 കോടിയുടെ നികുതിഇളവ് ലഭിച്ചതായാണ് രേഖകള്‍. ബിസിസിഐക്കും സംസ്ഥാന അസോസിയേഷനുകള്‍ക്കും കുറഞ്ഞ വിലയില്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയിട്ടുണ്ട്. ബിസിസിഐയുടെ താരങ്ങള്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വാദം. അവരുടെ ജേഴ്സികളിലും ഹെല്‍മെറ്റിലും അശോകചക്രവും ത്രിവര്‍ണപതാകയിലെ വര്‍ണങ്ങളുമുണ്ട്. ഈ സാഹചര്യത്തില്‍ ബിസിസിഐയെ പൊതുസ്ഥാപനമായി കണക്കാക്കണമെന്നും നിയമകമീഷന്‍ ശുപാര്‍ശ ചെയ്യുന്നു.