കൊച്ചി മെട്രൊയുടെ ഉദ്ഘാടനം മെയ് 30 ന്; പ്രധാനമന്ത്രിയില്ലാത്തതിൽ പ്രതിഷേധം

metro

കൊച്ചി മെട്രൊയുടെ ഉദ്ഘാടനം മെയ് 30 ന് നടത്തുമെന്ന് തീരുമാനിച്ചു. ആലുവയില്‍ വെച്ചായിരിക്കും ഉദ്ഘാടന ചടങ്ങ് നടത്തുകയെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നുവെങ്കിലും ഇതു വരെ അനുകൂല മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയായിരിക്കും പദ്ധതി ഉദ്ഘാടനം ചെയ്യുക.

പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ലെന്നും സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് തന്നെ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

3 കോച്ചുളള 6 ട്രെയിനുകളാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ 6 മുതല്‍ രാത്രി 11 വരെ 10 മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടനത്തിനു തയ്യാറായിരിക്കുന്നത്. മിനിമം നിരക്ക് 10 രൂപയും, ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപയും, കളമശേരി വരെ 30 രൂപയും, ഇടപ്പളളി വരെ 40 രൂപയുമാണ് പ്രാഥമികമായി നിശ്ചയിച്ചിട്ടുളള നിരക്ക്. 20 മിനിറ്റ് കൊണ്ട് ആലുവയിൽ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പാലാരിവട്ടത്തെത്തും.

സ്ഥിരയാത്രക്കാര്‍ക്കാർ കൊച്ചി വണ്‍ കാര്‍ഡെന്ന സ്മാര്‍ട്ട് കാര്‍ഡുപയോഗിച്ച് യാത്ര നടത്തുന്നകയാണെങ്കിൽ
20 % വരെ നിരക്കില്‍ ഇളവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്രക്ക് ഉപയോഗിക്കുന്നത് പോലുളള കണ്‍സെഷന്‍ മെട്രൊയില്‍ ഉണ്ടാവാനിടയില്ലെന്നും കെ.എം.ആർ.എൽ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

അതേസമയം ഉദ്​ഘാടനത്തിന്​ പ്രധാനമന്ത്രിയെ ഒഴിവാക്കിയത്​ സി.പി.എമ്മിന്‍റെയും സർക്കാരിന്‍റെയും പിടിവാശിയാണ് എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖൻ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സൗകര്യം നോക്കാതെ തീയതി പ്രഖ്യാപിച്ചത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി നേതാവ്​ എം.ടി.രമേശും പ്രതികരിച്ചു. മെയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ട്​ മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ച കേരള സർക്കാർ നടപടി അൽപ്പത്തമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സാമൂഹ്യമാധ്യമത്തിൽ പോസ്​റ്റ്​ ചെയ്​ത കുറിപ്പിൽ അഭിപ്രായപ്പെട്ടു.