രാവിലെ വിരിഞ്ഞ താമര വൈകുന്നേരം വാടിയെന്ന് കോടിയേരിയുടെ പരിഹാസം

ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ പ്രവേശനം എളുപ്പമല്ലെന്ന് സിപിഎം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കര്‍ണാടകയില്‍ രാവിലെ വിരിഞ്ഞ താമര വൈകുന്നേരം ആയപ്പോഴേക്കും വാടിയെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപിക്ക് നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബിജെപിയേയും അവരുടെ നേതാക്കളെയും വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാവരും രംഗത്തെത്തിയിരുന്നു.ബിജെപിയുടെ ക്രിമിനല്‍ അഴിമതി തന്ത്രങ്ങള്‍ പാളുന്ന കാഴ്ചയാണ് കര്‍ണാടകത്തില്‍ കണ്ടതെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവര്‍ണര്‍ വാജുഭായ് വാല രാജിവയ്ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടിരുന്നു.വിധാന്‍ സൗധയിലെ നടപടിക്രമങ്ങള്‍ അവസാനിക്കുന്നതിനു മുന്നേ ദേശീയഗാനാലാപനത്തിന് പോലും നില്‍ക്കാതെ പ്രോടേം സ്പീക്കറും ബിജെപി എംഎല്‍എമാരും സഭ വിട്ടത് രാജ്യത്തോടുള്ള ബിജെപിയുടെ പൂച്ഛത്തെയാണ് ചൂണ്ടിക്കാണിക്കുന്ന തെന്നായയിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറഞ്ഞത് . അഴിമതിക്കെതിരെ പോരാടുകയാണെന്ന് പറയുന്ന മോദി തന്നെയാണ് വലിയ അഴിമതികാരനെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.കര്‍ണാടകയിലേത് ജനാധിപത്യ വിജയമാണെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസും ജെഡിഎസും കേന്ദ്രത്തിന്റെ ഭീഷണികളെ അതിജീവിച്ചെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ബിജെപിയുടേത് ഏറ്റവും വലിയ പരാജയമാണെന്നും ഭരണഘടനയുടെ ധാര്‍മികത സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചെന്നും മായാവതി പ്രതികരിച്ചു. രാഷ്ട്രീയത്തെ വിലക്കുവാങ്ങാനുള്ള മോദി സര്‍ക്കാരിന്റെ ആഗ്രഹത്തിനുള്ള തിരിച്ചടിയാണ് കര്‍ണാടകയിലെ വിജയമെന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു.