ബിജെപി എന്ന പെണ്ണിനെ കെട്ടാന്‍ ഒരുപാട് മണവാളന്മാര്‍; അടുക്കളവഴി വന്നു കെട്ടാന്‍ ഒരുത്തൻ !

ബിജെപി എന്ന പെണ്ണിനെ കെട്ടാന്‍ ഒരുപാട് മണവാളന്മാര്‍; അടുക്കളവഴി വന്നു കെട്ടാന്‍ ഒരുത്തൻ ! സംസ്ഥാന ബിജെപി വക്താവ് എംഎസ് കുമാറിന്റെ വാക്കുകകളാണിത്. വിഷയം – പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള യോഗം. പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ബിജെപിയുടെ നേതൃ യോഗത്തിലാണ് കാര്യങ്ങൾ കൈവിട്ടത്. യോഗം തീരുമാനമാകാതെ അലസി പിരിഞ്ഞു. മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ പികെ കൃഷ്ണദാസിനെ പിന്തുണയ്ക്കുന്നവര്‍ കുമ്മനത്തിനായി ശക്തമായി വാദിച്ചു. അദ്ദേഹത്തെ തിരികെയെത്തിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച തൃശ്ശൂരില്‍ ചേര്‍ന്ന നേതൃ യോഗമാണ് തീരുമാനത്തിലെത്താതെ പിരിഞ്ഞത്‌. കുമ്മനത്തെ ഗവര്‍ണറാക്കി നാടു കടത്തിയെന്നും പിന്‍വാതില്‍ നിയമനത്തിനായാണ് ശ്രമം എന്നും ആരോപണമുയര്‍ന്നു. കുമ്മനത്തിന് കുറച്ചാളുകള്‍ ചേര്‍ന്ന് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ നല്‍കിയെന്ന് ഒരു മുതിര്‍ന്ന നേതാവ് യോഗത്തില്‍ ആരോപിച്ചു. കുമ്മനത്തെ ഒഴിവാക്കിയത് അനവസരത്തിലായെന്ന് ഒ രാജഗോപാല്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. മികച്ച നിലയില്‍ കളിച്ച ടീമിന്റെ നട്ടെല്ലായ ക്യാപ്റ്റനെ 85-ാം മിനുട്ടില്‍ പിന്‍വലിച്ചതുപോലുള്ള നീക്കമായിരുന്നു ചെങ്ങന്നൂരിലെ വോട്ടെണ്ണുന്നതിന് മുൻപ് കുമ്മനത്തെ നാടുകടത്തിയത്. ബിജെപി എന്ന പെണ്ണിനെ കെട്ടാന്‍ ഒരുപാട് മണവാളന്മാര്‍ ശ്രമിക്കുമ്പോൾ ഒരാള്‍ അടുക്കളവഴി വീട്ടില്‍ കയറി പെണ്ണിനെ കെട്ടാന്‍ ശ്രമിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. സംസ്ഥാന ബിജെപി വക്താവ് എംഎസ് കുമാര്‍ പറഞ്ഞു. കെ സുരേന്ദ്രനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ അരയുംതലയും മുറുക്കിയാണ് ഒരുവിഭാഗം നേതാക്കളെത്തിയത്. സമ്മേളനത്തില്‍ വി മുരളീധര അനുകൂലികള്‍ നിശബ്ദത പാലിച്ചു. ബിജെപിയുടെ കേരളത്തിലെ സംഘടനാ ചുമതലയുളള ബിഎല്‍ സന്തോഷിനാണ് യോഗത്തില്‍ ഏറ്റവും വിമര്‍ശനം കേള്‍ക്കേണ്ടിവന്നത്.