ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

മുതിര്‍ന്ന ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബുധനാഴ്ചയാണ് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചന്ദന്‍ മിത്ര രാജിക്കത്ത് നല്‍കിയത്. അതേസമയം, ജൂലൈ 21ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്‍.കെ. അദ്വാനിയുടെ സഹചാരിയായി അറിയപ്പെട്ടിരുന്ന ചന്ദന്‍ മിത്ര രണ്ടു തവണ രാജ്യസഭ എം.പിയായിട്ടുണ്ട്. നാമനിര്‍ദേശത്തിലൂടെ 2003 ആഗസ്ത് മുതല്‍ 2009 വരെ രാജ്യസഭ എംപിയായ ചന്ദന്‍ മിത്ര 2010ല്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2016ലാണ് അദ്ദേഹത്തിന്റെ കാലാവധി തീര്‍ന്നത്. ദി പയനീറിന്റെ എഡിറ്ററും മാനേജിങ് ഡയറക്ടറുമാണ് ചന്ദന്‍ മിത്ര.