തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ കൊണ്ടു വന്ന11 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടികൂടി

andhra ganja

തമിഴ്‌നാട്ടില്‍ നിന്നും കാറില്‍ കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി മൂന്നു പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം തിരുനാവായ കൊടക്കല്‍ സ്വദേശികളായ അഴകത്ത് കളത്തില്‍ സുധീഷ് (25), ശരത് (21), മനീഷ് (19) എന്നിവരെയാണ് നോര്‍ത്ത് എസ്‌ഐ ആര്‍ രഞ്ജിത്തും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പാലക്കാട് മലമ്ബുഴ നൂറടി റോഡില്‍ വെച്ച്‌ പിടികൂടിയത്. പാലക്കാട് ജില്ലയില്‍ അടുത്ത കാലത്ത് പിടികൂടിയതില്‍ വെച്ച്‌ ഏറ്റവും വലിയഅളവ് കഞ്ചാവാണ് ഇന്ന് പിടിച്ചെടുപത്തത്. സുധീഷിന്റെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറിലാണ് കഞ്ചാവ് കടത്തിയത്. കാറും കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 11 ലക്ഷം രൂപയോളം വില വരും. ഒരു കിലോ 6000 രൂപക്ക് കിട്ടുന്ന കഞ്ചാവ് 50,000 രൂപക്കാണ് വിറ്റഴിക്കുന്നത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെയും ഇതരസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്. 10 ഗ്രാം കഞ്ചാവ് പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാര്‍, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ഷംസുദ്ദീന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ടൗണ്‍ നോര്‍ത്ത് എസ്‌ഐ ആര്‍ രഞ്ജിത്, എസ്‌ഐ എസ് ജലീല്‍, എം എ സജി, കെ നന്ദകുമാര്‍, ആര്‍ കിഷോര്‍, എം സുനില്‍ , കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീദ്, എസ് സന്തോഷ് കുമാര്‍, ഡ്രൈവര്‍ രതീഷ്, വനിതാ പോലീസ് കവിത എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കമ്പം ,തേനി,പെരിയകുളം, മധുര, ദിണ്ടുഗല്‍, ചെമ്പട്ടി , പഴനി , ഈറോഡ്, നാമക്കല്‍, തിരുപ്പൂര്‍, കോയമ്ബത്തൂര്‍,സേലം, ഒട്ടന്‍ ഛത്രം, ഉടുമല്‍പേട്ട്, ആനമല എന്നീ സ്ഥലങ്ങളില്‍ നിന്നുമാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നത്. ജില്ലാ ലഹരി വിരുദ്ധ സേനയുടെ പ്രവൃത്തനഫലമായി കഴിഞ്ഞ രണ്ടു മാസത്തിനിടെ 100 കിലോയോളം കഞ്ചാവ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടികൂടിയിരുന്നു