രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യത്തിന്റെ ടട്രാ ട്രക്കുകള്‍ എത്തി

പ്രളയം താണ്ഡവ നൃത്തമാടിയ കേരളത്തില്‍  രക്ഷാ പ്രവര്‍ത്തനത്തിന്റെ വേഗത കൂട്ടുവാനും പ്രതിബന്ധങ്ങളെ അതിജീവിക്കുവാനും കഴിവുള്ള സൈന്യത്തിന്റെ ടട്രാ ട്രക്കുകള്‍ എത്തി. കാര്‍ഗില്‍ പോലുള്ള ദുഷ്‌കര മേഖലകളില്‍ മികവ് തെളിയിച്ച രണ്ടു ടട്രാ ട്രക്കുകളാണ് ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടിരിക്കുന്നത്. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയില്‍ പുതഞ്ഞു പോകുകയില്ല. വെള്ളത്തിലും ചെളിയിലും സഞ്ചരിക്കുന്ന ട്രക്കുകള്‍ ഏതുതരത്തിലുള്ള രക്ഷാപ്രവര്‍ത്തനം നടത്താനും ശേഷിയുള്ളതാണ്. അവശ്യഘട്ടങ്ങളില്‍ മണിക്കൂറില്‍ 80 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനം നാറ്റോ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച്‌ നിര്‍മിച്ചതാണ്.