സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ നവംബര്‍ ഒന്‍പതിന് നിയമസഭ ചേരാന്‍ തീരുമാനം. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനാണ് മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തത്. സോളാര്‍ റിപ്പോര്‍ട്ട് അന്ന് സഭയില്‍ വയ്ക്കും. സോളാര്‍ റിപ്പോര്‍ട്ടില്‍ വീണ്ടും നിയമോപദേശം തേടാനും മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ സഹായം തേടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
റിപ്പോർട്ട് നിയമസഭയിൽ വയ്ക്കണമെന്നും അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ചൂഷണം ചെയ്തുവെന്ന് ഹേമചന്ദ്രനോട് പരാതിപ്പെട്ടിരുന്നുവെന്നും ലൈംഗികപീഡന കേസില്‍ നടപടിയുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി സരിത എസ് നായര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.
ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും തന്നെ ചൂഷണം ചെയ്തത് സോളാര്‍ അന്വേഷണ പരിധിയില്‍ വരില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. തന്റെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പദ്മകുമാര്‍ നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.