ട്രാക്കിലൂടെ യാത്രക്കാരന്‍ ഇറങ്ങി നടന്നതിനെ തുടര്‍ന്ന് മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ സ്തംഭിച്ചു

metro

മെട്രോ ട്രെയിന്‍ ട്രാക്കിലൂടെ യാത്രക്കാരന്‍ ഇറങ്ങി നടന്നതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ അരമണിക്കൂറോളം സ്തംഭിച്ചു. പാലാരിവട്ടം സ്റ്റേഷനിലാണ് ഇരുട്രാക്കിനുമിടയിലൂടെ യാത്രക്കാരന്‍ നടന്നത്. വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. യാത്രക്കാരന്‍ ട്രാക്കില്‍ വന്നതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിലച്ചു. ഇതോടെ എല്ലാ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാര്‍ കുടുങ്ങിയ നിലയിലായി. കാര്യമറിയാതെ യാത്രക്കാര്‍ പരിഭ്രന്തരായി. തുടര്‍ന്നാണ് പാലാരിവട്ടം സ്റ്റേഷനില്‍ യാത്രക്കാരന്‍ ട്രാക്കിലൂടെ നടന്നതാണ് ട്രെയിന്‍ സര്‍വീസുകളെ സ്തംഭിപ്പിച്ചതെന്ന സ്ഥിരീകരിക്കപ്പെട്ടത്.

രണ്ട് ട്രാക്കുകള്‍ക്കും ഇടയിലുള്ള തേര്‍ഡ് ട്രാക്കിലൂടെയാണ് യാത്രക്കാരന്‍ നടന്നത്. തേര്‍ഡ് റെയില്‍ സിസ്റ്റം എന്ന ഈ തേര്‍ഡ് ട്രാക്കിലൂടെയാണ് മെട്രോ ട്രയിന്‍ സര്‍വീസിന് വേണ്ട 750 വാട്ട് ഡിസി വൈദ്യുതി പ്രവഹിക്കുന്നത്. ട്രാക്കുകള്‍ക്ക് ഇടയിലുള്ള വൈദ്യുതി കമ്പിയില്‍ തട്ടിയാല്‍ മരണം സംഭവിക്കും. ഭാഗ്യം കൊണ്ടാണ് കൊച്ചി മെട്രോ സര്‍വീസ് തുടങ്ങിയശേഷമുള്ള ആദ്യ അപകടമരണം ഒഴിവായത്.

നേരത്തെയും രണ്ട് തവണ സര്‍വീസ് നടക്കുന്നതിനിടെ കൊച്ചി മെട്രോ നിലച്ചിരുന്നു. ഒരിക്കല്‍ സിഗ്നല്‍ തകരാറിനെ തുടര്‍ന്നും പിന്നീടൊരിക്കല്‍ ട്രെയിന്‍ തകരാറിനെ തുടര്‍ന്നുമായിരുന്നു സര്‍വീസ് നിലച്ചത്.