Thursday, March 28, 2024
HomeKeralaസംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട്

സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പൂട്ടുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പെരുവഴിയിലാകുന്നത് ഒരു ലക്ഷത്തോളം അധ്യാപകരും നാല്‍പ്പതിനായിരത്തോളം അനധ്യാപകരും. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളും.പൊതുവിദ്യാഭ്യാസം കാര്യക്ഷമമാക്കാന്‍ എന്ന പേരിലാണ് അംഗീകാരമില്ലാത്ത വിദ്യാലയങ്ങള്‍ പൂട്ടുന്നത്. ഇത്തരം 1,800 വിദ്യാലയങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. വിവര ശേഖരണം പൂര്‍ത്തിയാകുമ്പോള്‍ എണ്ണം ഇരട്ടിയിലധികമാകും. 5,000 വിദ്യാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മാനേജ്‌മെന്റുകളുടെ സംഘടനകള്‍ പറയുന്നു. എഇഒമാരാണ് സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കുന്നത്. ഡിപിഐയുടെ അനുമതിയോടെ സ്‌കൂളുകള്‍ നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്ന പ്രക്രിയയാണ് നടന്നുവരുന്നത്. നോട്ടീസ് ലഭിച്ചതോടെ ചില മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിട്ടുണ്ട്.ടിടിസിയും ബിഎഡുമുള്ളവരാണ് ഇവിടങ്ങളിലെ അധ്യാപകര്‍. സര്‍ക്കാര്‍ സിലബസും സിബിഎസ്‌സിയും പഠിപ്പിക്കുന്ന യുപി മുതല്‍ ഹൈസ്‌ക്കൂള്‍ വരെ ഇവയിലുണ്ട്. ഇതില്‍ 35 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുമുണ്ട്. 250 കുട്ടികള്‍ വേണമെന്നാണ് നിയമം. 249 കുട്ടികള്‍ ഉള്ള സ്‌കൂളകള്‍ പോലും പൂട്ടാനുള്ള പട്ടികയിലുണ്ട്. അധ്യാപകരെപ്പോലെ ആശങ്കയിലാണ് അനധ്യാപക ജീവനക്കാരും. ക്ലറിക്കല്‍ ജീവനക്കാര്‍, ആയമാര്‍, ഡ്രൈവര്‍മാര്‍ വരെ ഇതില്‍പ്പെടുന്നു. ശമ്പളം കുറവാണെങ്കിലും വിദ്യാലയങ്ങള്‍ നിര്‍ത്തിയാല്‍ കിട്ടുന്ന വേതനം കൂടി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഇവര്‍.കുട്ടികളുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഡിവിഷന്‍ കുറഞ്ഞതിനാല്‍ പുനര്‍ വിന്യസിപ്പിച്ച അധ്യാപകരുടെ സ്ഥലംമാറ്റം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. സാമ്പത്തിക ഞെരുക്കമായതിനാല്‍ ഉടനെങ്ങും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരെയോ അനധ്യാപകരെയോ നിയമിക്കില്ല. നിര്‍ത്തലാക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ള വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ എന്‍ഒസിക്ക് വേണ്ടി അപേക്ഷ നല്‍കിയെങ്കിലും ഓരോ വര്‍ഷവും വിവിധ കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയായിരുന്നുവെന്ന് മാനേജ്‌മെന്റുകള്‍ പറയുന്നു.

                               എയ്ഡഡ് മാനേജ്മെൻ്റുകൾക്ക് നേട്ടം

ഇവ നിര്‍ത്തലാക്കുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കൂടും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ മൂന്നു മുതല്‍ നാലു ശതമാനം വരെ വിദ്യാര്‍ത്ഥികള്‍ മാത്രമേ വര്‍ധിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികളും അഡ്മിഷന്‍ നേടുന്നത് എയ്ഡഡ്-അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലായിരിക്കും.
എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വര്‍ധിക്കുന്നതോടെ അധിക ഡിവിഷനുകള്‍ അനുവദിക്കും. തുടര്‍ന്ന് അധ്യാപക നിയമനത്തിനുള്ള നീക്കവും നടക്കും. ഇരുപത്തി അഞ്ചു മുതല്‍ മുപ്പത് ലക്ഷം വരെയാണ് ഈ മേഖലയിലെ കോഴ. സിപിഎമ്മിനും ഇടതുപക്ഷ അധ്യാപക സംഘടനകള്‍ക്കും ഈ അധ്യാപക നിയമനത്തിലാണ് നോട്ടം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments