പിണറായി വിജയന്‍റെ പരോള്‍ അപേക്ഷ വൈറലാകുന്നു

pinarayi

കൂത്തുപറമ്പ് എം.എല്‍.എ ആയിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരോള്‍ ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് എഴുതിയ കത്ത് തരംഗമാകുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ 1976 നവംബര്‍ ഒന്പതിനാണ്,​ അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി തന്റെ സാന്നിദ്ധ്യം ആവശ്യമായതിനാല്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി കത്ത് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കണ്ണൂര്‍ പൊലീസ് മൈതാനത്ത് ഒരുക്കിയ പൊന്‍കതിര്‍ പ്രദര്‍ശനത്തില്‍ ജയില്‍വകുപ്പിന്റെ പവലിയനില്‍ ഈ കത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മാതൃകയില്‍ ഒരുക്കിയിട്ടുള്ള പവലിയനില്‍ സി.അച്യുതമേനോന്‍, എസ്.കെ. പൊറ്റെക്കാട് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജയില്‍ രേഖകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ തടവുനിയമപ്രകാരമാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. 1975 സെപ്തംബര്‍ 28ന് രാത്രി വീട്ടിലെത്തിയാണ് വന്‍ പൊലീസ് സംഘം പിണറായിയെ കസ്റ്റഡിയിലെടുത്തത്. എം.എല്‍.എയെന്നോ രാഷ്ട്രീയ പ്രവര്‍ത്തകനെന്നോ ഉള്ള പരിഗണനകള്‍ നല്‍കാതെ കൊടുംകുറ്റവാളികളോടെന്ന പോലെ പൊലീസ് പിണറായിയോട് പെരുമാറിയത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനും പ്രതിപക്ഷ എം.എല്‍.എമാരും തമ്മില്‍ നിയമസഭയില്‍ വലിയ വാഗ്വാദത്തിനും ഈ സംഭവം വഴിമരുന്നിട്ടു. കസ്റ്റഡിയില്‍ തന്നെ ഉടുതുണി പോലും ഉരിഞ്ഞ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയ സംഭവം പിന്നീട് പിണറായി വിജയന്‍ തന്നെ നിയമസഭയില്‍ വിവരിച്ചിരുന്നു.