Tuesday, April 23, 2024
HomeNationalപൊലീസായി രണ്ടു മണിക്കൂർ ജീവിച്ചതിന്റെ സന്തോഷവുമായി സ്റ്റെവിൻ

പൊലീസായി രണ്ടു മണിക്കൂർ ജീവിച്ചതിന്റെ സന്തോഷവുമായി സ്റ്റെവിൻ

ഡൗൺ സിൻഡ്രം ബാധിച്ച യുവാവ് രണ്ടുമണിക്കൂർ ‌‘പൊലീസ്’ ആയ ഈ വാർത്ത മനസ്സിൽ മൂന്നു സല്യൂട്ട് അടിച്ചു വായിച്ചുതുടങ്ങാം. ഒന്ന്: സ്റ്റെവിൻ എന്ന പത്തൊൻപതുകാരന്റെ ഇച്ഛാശക്തിക്ക് രണ്ട്: മകന്റെ സ്വപ്നങ്ങൾക്കു പരിധി കൽപിക്കാതിരുന്ന അവന്റെ മാതാപിതാക്കൾക്ക് മൂന്ന്: ‌കാക്കി ഹൃദയവിശാലതയുടെ നിറം കൂടിയാണെന്നു തെളിയിച്ച ചെന്നൈ പൊലീസിന്. ഖത്തർ ഫൗണ്ടേഷനിൽ ഉദ്യോഗസ്ഥനായ തിരുവല്ല ആമല്ലൂർ നെല്ലിമൂട്ടിൽ സ്വദേശി ഡോ. രാജീവ് തോമസിന്റെ മകനാണു സ്റ്റെവിൻ. ഭിന്നശേഷിയുള്ള കുട്ടികൾക്കായി അമ്മ സിബി ഖത്തറിൽ നടത്തുന്ന ഹോപ് സ്കൂളിലെ വിദ്യാർഥി. പരിമിതികളെ തോൽപിച്ചു കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ നേടിയ മിടുക്കൻ. രാജീവും കുടുംബവും കുടുംബം വർഷങ്ങളായി ‌ചെന്നൈ അശോക് നഗറിലാണു താമസം. ഇത്തവണ അവധിക്കെത്തിയപ്പോൾ മകന്റെ ആഗ്രഹം അറിയിച്ച് ചെന്നൈ പൊലീസ് കമ്മിഷണർ എ.കെ.വിശ്വനാഥനു രാജീവ് കത്തയച്ചു. രണ്ടു ദിവസത്തിനകം അശോക്നഗർ എസിപി വിൻസെന്റ് ജയരാജും ‌ഇൻസ്പെക്ടർ സൂര്യലിംഗവും വീട്ടിലെത്തി. കാക്കി യൂണിഫോമിനുള്ള അളവെടുത്തു. തോളിൽ രണ്ടു നക്ഷത്രചിഹ്നമുള്ള എസ്ഐ ‌യൂണിഫോമണിഞ്ഞു കഴിഞ്ഞ ദിവസം സ്റ്റെവിൻ അശോക്നഗർ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാർ സല്യൂട്ടടിച്ചു. ഒടുവിൽ പട്രോളിങ് ജീപ്പിന്റെ മുൻസീറ്റിലിരുന്നു രണ്ടു കോസ്റ്റബിൾമാർക്കൊപ്പം നഗരത്തിലേക്കിറങ്ങി. സ്വപ്നത്തിലെ പൊലീസായി രണ്ടു മണിക്കൂർ ജീവിച്ചതിന്റെ സന്തോഷവുമായി മടക്കം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments