Saturday, April 20, 2024
HomeKeralaമിശ്രവിവാഹങ്ങള്‍ ലൌജിഹാദും ഘര്‍വാപസിയുമായി ചിത്രീകരിക്കരുത്- കോടതി

മിശ്രവിവാഹങ്ങള്‍ ലൌജിഹാദും ഘര്‍വാപസിയുമായി ചിത്രീകരിക്കരുത്- കോടതി

മിശ്രവിവാഹങ്ങളെല്ലാം ലൌ ജിഹാദും ഘര്‍വാപസിയുമായി ചിത്രീകരിക്കരുതെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ വി ചിദംബരേഷ്, സതീശ് നൈനാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. അതേസമയം മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി . ലൌ ജിഹാദിന്റെയും ഘര്‍വാപസിയുടെയും പേരില്‍ നടത്തുന്ന അതിക്രമം ഒരു രീതിയിലും അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു . ഉദയംപേരൂരിലെ ശിവശക്തി യോഗാസെന്ററില്‍ അന്തേവാസികള്‍ക്കെതിരെ അതിക്രമം നടത്തുന്നതായി വിലയിരുത്തിയാണ് കോടതിയുടെ പരാമർശങ്ങൾ. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ശ്രുതിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പരാതിപ്പെട്ട് ഭര്‍ത്താവ് അനിസ് ഹമീദ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

മിശ്രവിവാഹിതര്‍ ഭീഷണിക്കും അതിക്രമത്തിനും ഇരയാകുന്നുണ്ട്. ഇത് നിയമവിരുദ്ധവും വ്യക്തിസ്വാതന്ത്യ്രത്തിനുമേലുള്ള കടന്നുകയറ്റവുമായി കണ്ട് കര്‍ശനനടപടി വേണം. എല്ലാ മിശ്രവിവാഹങ്ങളും മതപരമായി കണക്കിലെടുക്കുന്നത് സമുദായസൌഹാര്‍ദം തകര്‍ക്കുമെന്നതിനാല്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കോടതി ഉത്തരവില്‍ ഓര്‍മിപ്പിച്ചു.

സംസ്ഥാനത്ത് മതസൌഹാര്‍ദം പുലരേണ്ടതുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ളീഡര്‍ സുമന്‍ ചക്രവര്‍ത്തി ബോധിപ്പിച്ചു. മതസൌഹാര്‍ദം തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സത്യസരണി പോലുള്ള മതപരിവര്‍ത്തനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്രവിവാഹമല്ല പ്രശ്നമെന്നും ഇതിനെ ദുരുപയോഗിക്കുന്നതാണ് ഗൌരവമായി കാണേണ്ടതെന്നും വാദം ഉയര്‍ന്നു. ശ്രുതിക്ക് ഭര്‍ത്താവിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി. കേസില്‍ കക്ഷിചേരാന്‍ അനുമതിതേടിയ ഉപഹര്‍ജികള്‍ നിരസിച്ചു. യോഗാസെന്ററിനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പരാതിക്കാര്‍ക്ക് പൊലീസിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.

ഭരണകൂടമോ മറ്റ് വ്യക്തികളോ പൌരന്റെ സ്വാതന്ത്യ്രത്തിലും അവകാശത്തിലും കടന്നുകയറുമ്പോള്‍ കോടതിക്ക് ഇടപെടാതിരിക്കാനാവില്ലെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി. തന്നെ ഭീകര പ്രവര്‍ത്തനത്തിനായി സിറിയയിലേക്കോ യമനിലേക്കോ കടത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ പേരില്‍ പോസ്റ്റര്‍ പതിച്ചത് യോഗാകേന്ദ്രത്തിന്റെ അറിവോടെയുള്ള നാടകമായിരുന്നുവെന്നും ഇത് തന്നെ ഭയപ്പെടുത്താനായിരുന്നുവെന്നും ശ്രുതി ബോധിപ്പിച്ചു.

മിശ്രവിവാഹങ്ങളെ ലൌ ജിഹാദായി ചിത്രീകരിക്കുകയും വിവാദമാക്കുകയും ചെയ്യുന്ന പ്രവണത അടുത്തകാലത്ത് വര്‍ധിക്കുന്നതായി ഉത്തരവില്‍ പറഞ്ഞു. ജാതിവ്യവസ്ഥ രാജ്യത്തിന് ശാപമാണെന്ന അലഹബാദ് ഹൈക്കോടതിയുടെ ലതാസിങ് കേസ് വിധി ഉദ്ധരിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ജാതിവ്യവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് അറുതിവരുത്തുന്നതാണ് രാജ്യത്തിന് നല്ലതെന്നും ജാതിവ്യവസ്ഥ രാജ്യത്തെ തകര്‍ക്കുമെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതായി ഉത്തരവില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments