Tuesday, April 16, 2024
HomeCrimeതട്ടിപ്പു സംഘത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു

തട്ടിപ്പു സംഘത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു

ജൂവലറികളിലെത്തി ഉടമകളുമായി സൗഹൃദം നടിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സ്ത്രീയടക്കമുള്ള അന്തര്‍ജില്ലാ തട്ടിപ്പു സംഘത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയായ ശ്രീജ, ശാലിനി, ഗായത്രി, മേഴ്‌സി എന്നീ പേരുകളില്‍ അറിയപ്പെടുന്ന എറണാകുളം കുമ്പളങ്ങി സ്വദേശിനി തണ്ടാശേരി വീട്ടില്‍ പൂമ്പാറ്റ സിനി എന്ന സിനിലാലു (38), തൃശൂര്‍ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ സ്വദേശി കൊള്ളന്നൂര്‍ താഞ്ചപ്പന്‍ വീട്ടില്‍ ജോസ് (49) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ജ്വല്ലറി ഉടമകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വശീകരിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന പൂമ്പാറ്റ സിനിയും കൂട്ടാളികളും കൊലപാതക ശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളില്‍ പ്രതികളാണ്. ജ്വല്ലറി ഉടമകളെ വശീകരിച്ച ശേഷം പണം തട്ടിയെടുക്കുന്നതാണ് സിനിയുടെ രീതി. ആദ്യം ജ്വല്ലറി ഉടമകളുമായി ചിരിച്ച് കളിച്ച് സൗഹൃദത്തിലായ ശേഷം നമ്പര്‍ വാങ്ങും. പിന്നീട് തന്റെ സൗന്ദര്യം കാട്ടി വീഴ്ത്തിയശേഷം ലക്ഷങ്ങള്‍ തട്ടും. ഇതായിരുന്നു സിനിയുടെ പതിവ്. തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയും നടത്തിവന്നിരുന്നതായി വിവരമുണ്ട്. ആഡംബര ഫഌറ്റുകളില്‍ താമസിച്ചിരുന്ന ഇവര്‍ വില കൂടിയ കാറുകളാണ് ഉപയോഗിച്ചിരുന്നത്. കൊള്ള നടത്താന്‍ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവര്‍ ഗ്‌ളാമര്‍ കൂട്ടാനായി ബ്യൂട്ടി പാര്‍ലറുകളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു. മാസംതോറും ചാത്തന്‍സേവ നടത്തിയിരുന്ന ഇവര്‍ കടുത്ത അന്ധവിശ്വാസിയായിരുന്നു. വാടകയ്‌ക്കെടുത്ത ആഡംബര വാഹനങ്ങളില്‍ കറങ്ങിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നത്. പണം മുന്‍കൂറായി നല്‍കിയാണ് ഇവര്‍ ആഡംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത്. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉണ്ടെന്നും മകള്‍ എം.ബി.ബി.എസിന് പഠിക്കുകയാണെന്നുമെല്ലാമാണ് ഇവര്‍ തട്ടിപ്പ് നടത്താന്‍ പരിചയപ്പെടുന്നയാളോട് പറഞ്ഞിരുന്നത്. തട്ടിപ്പുസംഘം താമസിച്ചിരുന്നത് പ്രമുഖരായ ആളുകളും ബിസിനസുകാരും താമസിക്കുന്ന വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ്. പല വന്‍കിട ബിസിനസുകാരും ഇവരുടെ ഫഌറ്റിലെ രാത്രി സന്ദര്‍ശകരായിരുന്നെന്നും വിവരമുണ്ട്. സിനിയെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ :

“എറണാകുളം കുമ്പളങ്ങി സ്വദേശിനിയാണ് പൂമ്പാറ്റ സിനി എന്ന സിനി ലാലു. ചെത്തുകാരെ വാചകമടിച്ച് വീഴ്ത്തി അന്തിക്കള്ളു വാങ്ങി കൊണ്ടു പോയി വിറ്റ് പണമുണ്ടാക്കുന്നതായിരുന്നു സിനിയുടെ രീതി. അങ്ങനെ ചെത്തുകാരനുമായി പ്രണയത്തിലായി. ഇയാളെ വിവാഹം കഴിച്ചു. ഒരു മകളുണ്ട്. ഭർത്താവ് മരിച്ചതോടെ തട്ടിപ്പുമായി ഇറങ്ങി. എട്ടുവര്‍ഷം മുന്‍പ് വ്യവസായിയെ ഭീഷണിപ്പെടുത്തി ആത്മഹത്യക്കു പ്രേരിപ്പിച്ച കുറ്റത്തിന് സിനി പൊലീസ് പിടിയിലായി. വ്യാപാരിക്കൊപ്പം രാത്രി കഴിഞ്ഞപ്പോള്‍ ഇരുവരും ഒന്നിച്ചുള്ള നഗ്നചിത്രമെടുത്ത് ഇയാളെ പല തവണ ഭീഷണിപ്പെടുത്തി 21 ലക്ഷം രൂപ വരെ വാങ്ങി. പിന്നെയും ഭീഷണി തുടർന്നപ്പോൾ വ്യാപാരി ജീവനൊടുക്കി. മുംബൈയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ് സിനിയെ ചെല്ലാനത്ത് വച്ച് 2008 ൽ പൊലീസ് പിടികൂടുന്നത്. പിന്നീട് ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും സിനി തട്ടിപ്പ് തുടര്‍ന്നു. തൃശൂർ ഹൈറോഡിലുളള പ്രമുഖ ജുവലറിയിൽ ആറുമാസങ്ങൾക്കു മുൻപ് സിനിയെത്തി തട്ടിപ്പ് നടത്തി. ആഡംബര കാറിലാണ് സിനി സ്വർണം വാങ്ങാനെത്തിയത്. ആറ് ലക്ഷം രൂപയുടെ സ്വർണം വാങ്ങി. മൂന്ന് ലക്ഷം രൂപ ഉടൻ തന്നെ നൽകി. ഏകമകള്‍ എംബിബിഎസിന് പഠിക്കുന്നതിനാല്‍ ഉടന്‍ ഫീസ് അടയ്ക്കണമെന്നും ബാക്കി മൂന്ന് ലക്ഷം പിന്നെ തരാമെന്നും പറഞ്ഞു. സിനിയുടെ വാചകമടിയിൽ ജുവലറി ഉടമ വീണു. അടുത്ത ദിവസം സിനി വീണ്ടും ജുവലറിയിലെത്തി. തരാനുളള മൂന്ന് ലക്ഷം രൂപ കൈയ്യിൽ ഇല്ലെന്നും 17 ലക്ഷം രൂപയുടെ സ്വര്‍ണം തൃശൂരിലെ ഒരു സ്ഥാപനത്തില്‍ പണയംവച്ചിട്ടുണ്ടെന്നും ഈ സ്വര്‍ണമെടുത്ത് തരാമെന്നും പറഞ്ഞു. സിനിയുടെ വാക്കുകൾ വിശ്വസിച്ച് പണവുമായി ജുവലറി ഉടമ സിനിക്കൊപ്പം കാറിൽ പോയി. വഴിമധ്യേ ബൈക്കിൽ എത്തിയ യുവാവിന് പണം കൈമാറാൻ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ സിനിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. യുവാവിനെ പൊലീസ് പിടിച്ചെന്നും യുവാവിനെ പൊലീസ് പിടിയിൽനിന്നും ഇറക്കാൻ ഒരു ലക്ഷം രൂപ നൽകണമെന്നും പറഞ്ഞു. ജുവലറി ഉടമ അതും നൽകി. എല്ലാം കൂടി 21 ലക്ഷം കൈയ്യിൽ കിട്ടിയതോടെ സിനി മുങ്ങി. തട്ടിപ്പാണെന്ന് മനസ്സിലായ ജുവലറി ഉടമ പൊലീസിൽ പരാതി നൽകി. ഈ പരാതിയിലാണ് സിനി ഇപ്പോൾ അറസ്റ്റിലായത്. കൊച്ചിയിലെ സിനിയുടെ വീട്ടില്‍ പൊലീസ് റെയ്ഡിന് നടത്തിയപ്പോൾ കിട്ടിയത് പുകയില ഉല്‍പന്നങ്ങളുടെ വലിയ ശേഖരം. വനിതാ സ്റ്റേഷനില്‍ എത്തിച്ച സിനിയെ ദേഹപരിശോധന നടത്തിയപ്പോൾ ഹാന്‍സിന്റെ അരഡസന്‍ പായ്ക്കറ്റുകൾ ലഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments