Saturday, April 20, 2024
HomeNationalലയനം; നാനൂറോളം ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടും

ലയനം; നാനൂറോളം ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടും

എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതോടെ കേരളത്തില്‍ നാനൂറോളം ബാങ്ക് ശാഖകള്‍ അടച്ചുപൂട്ടും. മൂവായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 55 വയസ്സിനുമുകളില്‍ പ്രായമുള്ളവരെ സ്വയംവിരമിക്കലിന് നിര്‍ബന്ധിക്കും. ലയനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരംനല്‍കിയതോടെ കേരളത്തില്‍ അടച്ചുപൂട്ടേണ്ട ബ്രാഞ്ചുകള്‍ സംബന്ധിച്ച് ഏകദേശധാരണയായി. തിരുവനന്തപുരം നഗരത്തില്‍മാത്രം എസ്ബിടിയുടെ 10 ശാഖകള്‍ പൂട്ടും.

ഒടുവിലത്തെ ധാരണയനുസരിച്ച് എസ്ബിടിയുടെ 204 ശാഖയ്ക്ക് താഴ് വീഴും. ഓരോ ജില്ലയിലും പൂട്ടേണ്ട ശാഖകളുടെ അന്തിമപട്ടിക തയ്യാറാകുന്നതേയുള്ളൂ. ജില്ലകളില്‍ 15 മുതല്‍ 30 ശാഖകള്‍വരെ പൂട്ടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ചെറിയ വ്യത്യാസം ഉണ്ടായേക്കും. ഇതേ അനുപാതത്തില്‍ എസ്ബിഐ ശാഖകളും പൂട്ടും. എസ്ബിഐയുടെ നൂറിലേറെ ശാഖകളും എസ്ബിടിയോടൊപ്പം എസ്ബിഐയില്‍ ലയിപ്പിക്കുന്ന മറ്റ് നാല് സബ്സിഡിയറി ബാങ്കുകളുടെ ശാഖകളും അടച്ചുപൂട്ടും. നിലവില്‍ എസ്ബിടിക്ക് കേരളത്തില്‍ 889 ശാഖയും 13775 ജീവനക്കാരുമാണുള്ളത്. എസ്ബിഐക്ക് 535 ശാഖയുണ്ട്.

ഫെബ്രുവരി 16ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ലയനത്തിന് അംഗീകാരം നല്‍കിയത്. ആറുമാസത്തിനകം ലയനം പ്രാബല്യത്തില്‍വരും.

അടച്ചുപൂട്ടുന്ന ശാഖകളിലെ ജീവനക്കാര്‍ അധിക ബാധ്യതയാണ് എന്ന വിലയിരുത്തലിലാണ് എസ്ബിഐ. ലയനത്തിന്റെപേരില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകില്ല എന്നാണ് പറയുന്നതെങ്കിലും 3000പേരെയെങ്കിലും ഒഴിവാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു. ഇതിന്റെ ആദ്യപടിയായി പൂട്ടുന്ന ശാഖയിലെ ജീവനക്കാരെ വിദൂരസ്ഥലങ്ങളിലേക്ക് മാറ്റും. വിരമിക്കലിനോടടുത്തുനില്‍ക്കുന്ന ഒരുവിഭാഗം ജീവനക്കാര്‍ സ്വയം ജോലിയില്‍നിന്ന് ഒഴിഞ്ഞുപോകും എന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. അസൌകര്യ സ്ഥലംമാറ്റങ്ങളിലൂടെ ജീവനക്കാര്‍ സ്വയം വിരമിച്ചില്ലെങ്കില്‍ 50നോ 55നോ മുകളില്‍ പ്രായമുള്ളവര്‍ക്ക് നിര്‍ബന്ധിത സ്വയം വിരമിക്കല്‍ ഏര്‍പ്പെടുത്തും.

എസ്ബിടി ഇല്ലാതാകുന്നത് ഏറ്റവുമധികം ബാധിക്കുക കേരളത്തിലെ ബാങ്ക് ഇടപാടുകാരെയും സംസ്ഥാന സര്‍ക്കാരിനെയുമാണ്. കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മുന്‍ഗണനാ മേഖലയില്‍ ഏറ്റവുമധികം വായ്പ നല്‍കിയിട്ടുള്ളത് എസ്ബിടിയാണ്. ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപവും 67000 കോടി രൂപയുടെ വായ്പയുമാണ് എസ്ബിടിക്കുള്ളത്. എസ്ബിടി വായ്പയുടെ സിംഹഭാഗവും കേരളത്തില്‍ത്തന്നെയാണ്. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപാടുകളില്‍ ഏറെയും എസ്ബിടി വഴിയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments