“മോഡി സംസാരിക്കുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന്” രാഹുൽ

rahul

അടുത്ത ഒരു വര്‍ഷമെങ്കിലും വാചകമടി നിര്‍ത്തിയിട്ട് എന്തെങ്കിലും ചെയ്തു കാണിക്കാന്‍ മോഡിക്ക് പറ്റുമോയെന്നു രാഹുല്‍ ഗാന്ധി. മംഗളൂരു നെഹ്റു മൈതാനിയില്‍ കോണ്‍ഗ്രസിന്റെ ജന ആശിര്‍വാദ യാത്രയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുല്‍.നാരായണ ഗുരുവിനെയും ബസവണ്ണയെയും കുറിച്ച് സംസാരിക്കുന്ന മോഡി പക്ഷെ അവരുടെ ആശയങ്ങള്‍ നടപ്പിലാക്കാതെ കുത്തകകളുടെ കോടിക്കണക്കിനു രൂപയുടെ കടങ്ങള്‍ എഴുതി തള്ളുന്ന തിരക്കിലാണ്. ബസവണ്ണയും ഗുരുവും സമത്വത്തിനു വേണ്ടി പ്രവര്‍ത്തിച്ചവരാണ് .സംസാരിക്കുന്നത് പ്രവര്‍ത്തിക്കു എന്ന് പറഞ്ഞവരാണ് .മോഡി സംസാരിക്കുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്നാണ്. പ്രധാനമന്ത്രിയായാല്‍ ഓരോ പൗരനും 15 ലക്ഷം വീതം കൊടുക്കുമെന്നാണ് മോഡി തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം 15 വന്‍കിടക്കാരുടെ 2 .5 ലക്ഷം കോടിയുടെ കടമാണ് മോഡി എഴുതി തള്ളിയത് .എന്നാല്‍ ഒരു രൂപ പോലും കര്‍ഷകരുടേത് എഴുതി തള്ളിയില്ല .കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപെട്ടു. മോഡി ഒരിക്കല്‍ പറഞ്ഞു, ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ആണെന്ന് .രാജ്യത്തെ കോടികള്‍ പറ്റിച്ചു നീരവ് മോഡി, ലളിത് മോഡി , മല്യ തുടങ്ങിയവര്‍ കടന്നു കളഞ്ഞപ്പോള്‍ ഈ കാവല്‍ക്കാരന്‍ മിണ്ടിയില്ല . അമിത് ഷായുടെ മകന്‍ അഴിമതി നടത്തിയപ്പോഴും മിണ്ടിയില്ല; രാഹുല്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം കേട്ട് മാത്രമേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുവെന്നും രാഹുല്‍ വിശദീകരിച്ചു. രാഹുലിന്റെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ചാനല്‍ ക്യാമറാമാന്മാര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ വെള്ള കുപ്പി വലിച്ചെറിഞ്ഞു . രാഹുല്‍ സംസാരിക്കുന്നത് കാണാതായതോടെ ആണ് പ്രവര്‍ത്തകര്‍ തടസ്സമായി നിന്ന ക്യാമറാമാന്മാര്‍ക്കെതിരെ തിരിഞ്ഞത്