ക്രിക്കറ്റ് മത്സരം കൊച്ചിയിൽ വേണ്ട, ഫുട്ബോൾ മതി : സച്ചിൻ ടെൻഡുൽക്കർ

sachin

ഇന്ത്യ- വെസ്‌റ്റ് ഇൻഡീസ് ഏകദിനമത്സരം തിരുവനന്തപുരത്ത് വച്ച് തന്നെ നടത്തണമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷനോട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ അഭ്യർത്ഥന. ഫിഫയുടെ അംഗീകാരമുള്ള കൊച്ചി സ്‌റ്റേഡിയത്തിലെ ടർഫ് നശിപ്പിക്കരുതെന്നും ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് സച്ചിൻ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് ഇടപെടൽ നടത്താമെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേർസ് തലവൻ വിനോദ് റായി ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമകളിൽ ഒരാളാണ് സച്ചിൻ. ബ്ലാസ്‌റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടിയായ കൊച്ചി ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം നശിപ്പിക്കുന്നതിനെതിരെ ഫുട്ബോൾ താരങ്ങളായ സി.കെ വിനീത്, ഇയാൻ ഹ്യൂം, റിനോ ആന്റോ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. നേരത്തെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് അറിയിച്ചിരുന്ന ഇന്ത്യ- വെസ്‌റ്റ് ഇൻഡീസ് ഏകദിന മത്സരം പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. കേരളാ ക്രിക്കറ്റ് അസോസിയേഷനും സ്‌റ്റേഡിയം ഉടമകളായ ഗ്രേറ്റർ കൊച്ചി ഡെവലപ്പ്മെന്റ് അതോറിറ്റി(ജി.സി.ഡി.എ)യും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് വേദി കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലേക്ക് മാറ്റാൻ തീരുമാനമായത്.