ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയെ എത്തിക്കാൻ ശ്രമം

Rahul

സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും നിര്‍ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം ത്രികോണ മല്‍സരത്തിന്റെ വീറിലേക്ക് എത്തുന്നതിനിടെ മുമ്ബില്ലാത്ത വിധം പ്രതീക്ഷയില്‍ യുഡിഎഫ്. കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവ വികാസങ്ങളും അതില്‍ കോണ്‍ഗ്രസ് നേടിയ ശക്തമായ പ്രതിഛായയുമാണ് കാരണം. ഇത് മുതലെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ചെങ്ങന്നൂരില്‍ പ്രചാരണത്തിന് എത്തിക്കാനാണ് ശ്രമം.ബിജെപിക്കു വേണ്ടി ചെങ്ങന്നൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷായോ എത്തുമെന്ന സൂചനകള്‍ തുടക്കത്തിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന ബിജെപി നേതൃത്വം അതേക്കുറിച്ചു മിണ്ടുന്നില്ല. കര്‍ണാടകത്തിലെ നാണക്കേടിനു ശേഷം ബിജെപി പ്രചാരണത്തില്‍ അല്‍പം പ്രതിരോധത്തിലുമാണ്. മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് എന്ന് പറഞ്ഞ് ബിജെപി സാന്നിധ്യം തള്ളിക്കളയുന്നുവെന്ന തോന്നലുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയെ കൊണ്ടുവന്ന് എതിരാളികളെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ണാടകത്തിനു ശേഷമുള്ള പ്രത്യേക സാഹചര്യത്തിന്റെ ആനുകൂല്യം മുതലെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ ചെങ്ങന്നൂരിലെത്തുന്നുണ്ട്. എങ്കിലും രാഹുല്‍ ഗാന്ധി വരുന്നതോടെ മറ്റു ദേശീയ നേതാക്കളുടെ പ്രചാരണം നിഷ്ഫലമാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. 26 ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പു പ്രചാരണം സമാപിക്കുന്നത്. അതിനു തൊട്ടുമുമ്ബ് വെള്ളിയാഴ്ചയോ ശനിയാഴ്ചയോ രാഹുല്‍ ഗാന്ധി വന്നേക്കും എന്നാണ് വിവരം. അതിനിടെ, കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷമായി പരിഹസിച്ചും വിമര്‍ശിച്ചും വി എസ് അച്യുതാനന്ദന്‍ ചെങ്ങന്നൂരില്‍ വന്നു മടങ്ങി. ചെങ്ങന്നൂരില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് വെറുതേ വെയിലു കൊള്ളേണ്ട എന്നാണ് വി എസ് പറഞ്ഞത്. പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്നാണ് ബിജെപിയെ കളിയാക്കി വി എസ് പറഞ്ഞത്.28നാണ് തെരഞ്ഞെടുപ്പ്. 30നു ഫലമറിയാം.