രാഷ്ട്രപതി സ്ഥാനാർഥിയായി ദലിത് നേതാവ് റാം നാഥ് കോവിന്ദിനെ അവതരിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ തന്ത്രം

ram nath kovind

ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ ഭരണമുന്നണിയായ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

രാഷ്ട്രപതി സ്ഥാനാർഥിയായി ദലിത് നേതാവ് റാം നാഥ് കോവിന്ദിനെ അവതരിപ്പിച്ചതിനു പിന്നിലെ രാഷ്ട്രീയ തന്ത്രം പ്രതിപക്ഷത്തെ മാത്രമല്ല, പാർട്ടിക്കുള്ളിലെ എതിരാളികളെയും വെട്ടിലാക്കി. ഒരു പേരിലൂടെ പല ലക്ഷ്യങ്ങളാണു ഒറ്റയടിക്കു നേടി എടുക്കുവാൻ ശ്രമിക്കുന്നത്.

ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ദളിത് വിരുദ്ധ നിലപാടുകള്‍ക്കെതിരായി രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പിന്നോക്ക ‘കോലി’ വിഭാഗക്കാരനായ കോവിന്ദിനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത്. ദളിത് വിരുദ്ധമുഖം മറയ്ക്കുകയാണ് ലക്ഷ്യം.

യുപിയിൽനിന്നുള്ള ദലിത് സ്ഥാനാർഥിയെ എതിർക്കാൻ എസ്പി, ബിഎസ്പി കക്ഷികൾക്കു പ്രയാസമാകും. ബിഹാർ ഗവർണറായ റാം നാഥ് കോവിന്ദിനെ ജനതാദൾ (യു) നേതാവ് മുഖ്യമന്ത്രി നിതീഷ് കുമാർ സന്ദർശിച്ച് ആശംസയറിയിച്ചതു ബിജെപിക്കു പ്രതീക്ഷ പകരുന്നുമുണ്ട്. എൻഡിഎ സഖ്യകക്ഷികളിൽ ഇടഞ്ഞുനിൽക്കുന്ന ശിവസേനയ്ക്കും ദലിത് സ്ഥാനാർഥിക്കെതിരെ നിലപാടെടുക്കുക എളുപ്പമല്ലെന്നാണു ബിജെപി പ്രതീക്ഷ.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തെ എതിർത്ത എൽ.കെ.അഡ്വാനിയും മുരളീമനോഹർ ജോഷിയും സുഷമ സ്വരാജും രാഷ്ട്രപതി സ്ഥാനാർഥിത്വത്തിൽ വെട്ടിനിരത്തപ്പെട്ടു. പ്രായാധിക്യത്തിന്റെ പേരിൽ അഡ്വാനിയെയും ജോഷിയെയും ഒഴിവാക്കുക മോദിക്ക് എളുപ്പമായിരുന്നു.

എന്നാൽ സുഷമയെ ഒഴിവാക്കാൻ ‘ദലിത് കാർഡ്’ തന്നെ വേണമായിരുന്നു. അതു കൃത്യമായി മോദി പ്രയോഗിച്ചു. യുപിയിൽ കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പിന്തുണച്ച ദലിത് സമുദായത്തിനുള്ള സമ്മാനമാണു റാം നാഥ് കോവിന്ദിന്റെ സ്ഥാനാർഥിത്വം.

യുപിയിൽ മായാവതിയുടെ ദലിത് വോട്ടു ബാങ്ക് തകർക്കുന്നതിലൂടെ ബിജെപിയുടെ നില സുരക്ഷിതമാക്കാനും കഴിയും. രാജ്യവ്യാപകമായി ദലിത് പിന്തുണ സമാഹരിക്കാനും റാം നാഥ് കോവിന്ദിന്റെ സാന്നിധ്യം സഹായകമാകും. യുപി നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ചപ്പോൾ യോഗി ആദിത്യനാഥിനെ രംഗത്തിറക്കി ആർഎസ്എസ് നടത്തിയ അട്ടിമറിയുടെ പശ്ചാത്തലത്തിൽ രാഷ്ട്രപതി സ്ഥാനാർഥി നിർണയത്തിൽ മോദിയും അമിത് ഷായും അതീവ ജാഗ്രതയിലായിരുന്നു.

നിർണായകമായ പാർലമെന്ററി യോഗം വരെ സ്ഥാനാർഥിയുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതിലും മോദിയും അമിത് ഷായും വിജയിച്ചു. ദലിത് സ്ഥാനാർഥി തന്ത്രം മറികടന്ന് ഇടപെടാൻ ആർഎസ്എസ് നേതൃത്വത്തിനും കഴിഞ്ഞില്ല. സംഘപരിവാറിന്റെ പരമ്പരാഗതമായ മുന്നാക്ക സമുദായ അടിത്തറയ്ക്ക് അപ്പുറം പിന്നാക്ക, ദലിത് പിന്തുണ സമാഹരിക്കുന്ന നരേന്ദ്ര മോദിയുടെ തന്ത്രം തിരഞ്ഞെടുപ്പുകളിൽ കൂടുതൽ ഫലപ്രദമാണെന്ന് ആർഎസ്എസും തിരിച്ചറിയുന്നുണ്ട്.