മോദിക്കെതിരെ കോൺഗ്രസ്; സ്വന്തം പ്രചരണത്തിന് 5000 കോടി,കേരളത്തിന് 500 കോടി

modi

പ്രളയദുരന്തത്തിന്റെ വേദന അനുഭവിക്കുന്ന കേരളത്തിന് വെറും 500 കോടി മാത്രം അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കഠിനമായ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദി രാഷ്ട്രീയം കളിക്കുകയാണ് . അതുകൊണ്ടാണ് കേരളത്തിന് അനുവദിച്ച തുക വളരെ കുറഞ്ഞ് പോയതെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി ഉടന്‍ പ്രഖ്യാപിക്കണമെന്നും ഷെര്‍ഗില്‍ ആവശ്യപ്പെട്ടു . 5000 കോടി പരസ്യത്തിനായി ഉപയോഗിക്കുന്ന മോദി കേരളത്തിനായുള്ള അടിയന്തിര സഹായം 500 കോടിയില്‍ ഒതുക്കിയത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ”ഇത്തരം ഒരു ദുരന്തത്തില്‍ 19000 കോടിയുടെ നഷ്ടമാണ് കേരളത്തില്‍ സംഭവിച്ചിരിക്കുന്നത്. എന്നാല്‍ പരസ്യത്തിനായി 5000 കോടി ഉപയോഗിക്കുന്ന മോദി കേരളത്തിന് അനുവദിച്ചത് 500 കോടിയാണ്. ഫണ്ടുകള്‍ സ്വന്തം പ്രചരണത്തിന് ഉപയോഗിക്കാനാണ് അദ്ദേഹത്തിന് താത്പര്യം. ഒരു ഫിറ്റ്നസ് വീഡിയോയ്‌ക്ക് വേണ്ടി മാത്രം 35 കോടിയാണ് അദ്ദേഹം ചിലവഴിച്ചത്”- അദ്ദേഹം പറഞ്ഞു.