Friday, April 19, 2024
HomeNationalനടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം; സംസ്ഥാന പര്യടനത്തിന് തുടക്കമായി

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം; സംസ്ഥാന പര്യടനത്തിന് തുടക്കമായി

നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന പര്യടനത്തിന് തുടക്കമായി. രാവിലെ 7.45 ന് രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ  വീട്ടിലെത്തിയ ശേഷമാണ് സംസ്ഥാന പര്യടനത്തിന് തുടക്കമായത്. ഇന്ന് വൈകീട്ട് മധുരയില്‍ വെച്ചാണ് പാര്‍ട്ടി പ്രഖ്യാപനം. കലാമിന്റെ സ്മാരകവും സന്ദര്‍ശിക്കുന്ന കമല്‍ രാമേശ്വരത്തെ മീന്‍പിടിത്തക്കാരുമായി ചര്‍ച്ചനടത്തും. ഉച്ചയ്ക്ക് 12.30-ന് രാമനാഥപുരത്തും തുടര്‍ന്ന് പരമക്കുടി, മാനാമധുരൈ എന്നിവിടങ്ങളിലും പ്രസംഗിക്കും. വൈകീട്ട് ആറിന് മധുരയിലെ ഒത്തക്കടൈ മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടി പതാക ഉയര്‍ത്തും. 6.30-ന് പൊതുയോഗം തുടങ്ങും. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം ഈ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എം.ജി.ആര്‍. ചലച്ചിത്രത്തിന്റെ പേരായ ‘നാളെ നമതേ’ എന്നതാണ് കമല്‍ പര്യടനത്തിനു നല്‍കിയ പേര്. ഡി.എം.കെ. തലവന്‍ എം. കരുണാനിധി, നടന്‍ രജനീകാന്ത്, നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് എന്നിവരെ നേരില്‍ക്കണ്ടശേഷമാണ് കമല്‍ രാഷ്ട്രീയഗോദയിലേക്കിറങ്ങുന്നത്. അതേസമയം, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിലെ നേതാക്കളെ അദ്ദേഹം പൂര്‍ണമായി അവഗണിച്ചു. തന്റെ രാഷ്ട്രീയവിമര്‍ശനങ്ങളെയും രാഷ്ട്രീയപ്രവേശത്തെയും ശക്തമായി എതിര്‍ത്തതിനാലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള എ.ഐ.എ.ഡി.എം.കെ. നേതാക്കളെ കമല്‍ സന്ദര്‍ശിക്കാതിരുന്നത്. ബി.ജെ.പി. നേതാക്കളെയും കമല്‍ കണ്ടില്ല.

മധുരയില്‍ കമലിന്റെ രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ എത്തിയേക്കുമെന്നാണ് സൂചന. കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും കമല്‍ ക്ഷണിച്ചിട്ടുണ്ട്. രജനീകാന്തിനെ നേരില്‍ക്കണ്ട് മധുരയിലെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കാന്‍ സാധ്യതയില്ല. സി.പി.ഐ. നേതാവ് ആര്‍. നല്ലകണ്ണ്, മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ എന്നിവരെയും കമല്‍ഹാസന്‍ സന്ദര്‍ശിച്ചിരുന്നു. തമിഴ്നാടിന്റെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന മധുരയിലാണ് നടന്‍ വിജയകാന്ത് തന്റെ പാര്‍ട്ടിയായ ഡി.എം.ഡി.കെ.യ്ക്ക് തുടക്കംകുറിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments