Saturday, April 20, 2024
HomeKeralaചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ തുടങ്ങാന്‍ പോകുന്നു

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ തുടങ്ങാന്‍ പോകുന്നു

ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ കനത്ത നാശം വിതച്ചതിനു പിന്നാലെ സംസ്ഥാനത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുടങ്ങാന്‍ കേന്ദ്ര ഭൗമ മന്ത്രാലയം തീരുമാനിച്ചു. ഒരു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം തുടങ്ങും. കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള പ്രവചന സംവിധാനങ്ങളും മത്സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള കോസ്റ്റല്‍ ബുള്ളറ്റിന്‍ എന്നിവ കേന്ദ്രത്തില്‍ ഉണ്ടാകും. സംസ്ഥാനത്തെ കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങളുടെ കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനം ഇതുവഴിയുണ്ടാകും. കേരള തീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച്‌ മുന്നറിയിപ്പ് മുന്‍കൂട്ടി നല്‍കുന്നതില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം വൈകിയിരുന്നു.
കേരളത്തിനൊപ്പം കര്‍ണ്ണാടകത്തിന്റെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ തിരുവനന്തപുരത്തെ പുതിയ കേന്ദ്രം സഹായകരമാകും. നിലവില്‍ ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു കീഴില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങള്‍ ഉള്ളത്. 2019 അവസാനത്തോടെ മംഗലാപുരത്ത് ഒരു സി ബാന്‍ഡ് ഡോപ്ലര്‍ കാലാവസ്ഥാ റെഡാര്‍ കൂടി സ്ഥാപിക്കാനും മന്ത്രാലയം തീരുമാനിച്ചു. കേരളത്തിന്റെ വടക്കന്‍മേഖലകള്‍ ഇതിന്റെ നിരീക്ഷണത്തില്‍ വരും. നിലവില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് ഡോപ്ലര്‍ കാലാവസ്ഥാ റെഡാറുകളാണ് സംസ്ഥാനത്തുള്ളത്. മൂന്ന് ഡോപ്ലര്‍ കാലാവസ്ഥാ റെഡാറുകളും ഉപയോഗിക്കുന്നതോടെ സംസ്ഥാനം പൂര്‍ണ്ണമായി നിരീക്ഷിക്കാനാവും. മഴയും മറ്റ് ഗുരുതര കാലാവസ്ഥാ സാഹചര്യങ്ങളും നിരീക്ഷിക്കാനും തൃപ്തികരമായ മുന്നറിയിപ്പ് മുന്‍കൂട്ടി ജനങ്ങള്‍ക്ക് നല്‍കാനും ഇത് സഹായിക്കും. തൊട്ടടുത്ത മണിക്കൂറിലെ കാലാവസ്ഥ നിര്‍ണ്ണയത്തിനപ്പുറം (23 മണിക്കൂറുകള്‍) 15 മുതല്‍ 20 ദിവസങ്ങള്‍വരെ മുന്‍കൂട്ടിയുള്ള പ്രവചനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ കാലാവസ്ഥനിരീക്ഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഇവ കാര്യക്ഷമമായി ഉപയോഗിച്ച്‌ കുറ്റമറ്റ തീരുമാനങ്ങള്‍ എടുക്കുന്നതിന് എല്ലാ സംസ്ഥാനത്തെയും ദുരന്ത നിവാരണ സേനകള്‍ക്ക് അടുത്തമാസം പരിശീലനം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments