Tuesday, April 16, 2024
HomeKeralaകയ്യിൽ കാശില്ലെങ്കിലും ലിഫ്റ്റ് വാങ്ങി ഉലകം ചുറ്റാം-സ്പാനിഷ് യുവാക്കൾ റാന്നിയിൽ

കയ്യിൽ കാശില്ലെങ്കിലും ലിഫ്റ്റ് വാങ്ങി ഉലകം ചുറ്റാം-സ്പാനിഷ് യുവാക്കൾ റാന്നിയിൽ

കയ്യിൽ കാശില്ലെങ്കിലും ഉലകം ചുറ്റാമെന്നു തെളിയിച്ചുകൊണ്ട് സ്പെയിനിൽ നിന്ന് എത്തിയ യുവാക്കൾ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. എങ്ങനെയെന്നറിയേണ്ടേ? ലിഫ്റ്റ് വാങ്ങി വാങ്ങി ഒടുവിൽ അവർ പത്തനംതിട്ടയിലെത്തി. സ്പെയിനിലെ ബാർസിലോനയിൽനിന്നു 2016 ഡിസംബർ ഒന്നിനു ന്യൂഡൽഹിയിലെത്തിയ ഡാനിയൽ ജിറോൺസും (23) ആൻഡ്രൂ ടിക്സിസും (23) അവിടെനിന്നു യാത്ര ചെയ്തത് മുഴുവനും ലിഫ്റ്റ് വാങ്ങി വാഹനങ്ങളിൽ സൗജന്യമായി. യുവാക്കളുടെ അഭിലാഷം ലോകം കാണുക, ആളുകളുമായി ബന്ധമുണ്ടാക്കുക, അതിൽനിന്നു പഠിക്കുക, പിന്നീട് തിരികെ സ്വന്തം നാട്ടിലെത്തി അനുഭവങ്ങൾ പങ്കു വയ്ക്കുക. ഇതിനോടകം ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചു കഴിഞ്ഞു.

തത്വശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ വ്യക്തിയാണ് ഡാനിയൽ, ആൻഡ്രൂ സംഗീതവും . ജോലി ചെയ്തു പണം സമ്പാദിക്കണം എന്നൊന്നും ഇതുവരെ ചിന്തിച്ചിട്ടില്ല! യാത്രകളിലൂടെ കിട്ടുന്ന അറിവുകളും അനുഭവങ്ങളുമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് അവർ പറയുന്നത്.

ലോകത്തിലെ പല രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ സഞ്ചരിച്ചത് പോലെ നീണ്ട യാത്ര ചെയ്തിട്ടില്ല. ‘ വീട്ടുകാർക്ക് ഞങ്ങളെക്കുറിച്ചു കടുത്ത ആശങ്കയുണ്ടായിരുന്നു. അതൊക്കെ മാറുവാൻ അധികം സമയം വേണ്ടി വന്നില്ല. യാത്രകൾ വിദ്യാഭ്യാസമാണ് പകർന്നു നൽകുന്നതെന്ന് വീട്ടുകാരെ ഞങ്ങൾ ബോധ്യപ്പെടുത്തി’– ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. കറ്റാനത്തുനിന്ന് ഓമല്ലൂർ സ്വദേശി ജിതിന്റെ കാറിൽ ലിഫ്റ്റ് പിടിച്ചാണ് ഇന്നലെ രാത്രി ഇരുവരും പത്തനംതിട്ടയിൽ കാല് കുത്തിയത്. ഇനി കുമളി വഴി മൂന്നാറിലേക്കു പോകണം പോലും !

എങ്ങനെ പോകും എവിടെ താമസിക്കും എന്നൊന്നും ഇവർക്കു വിചാരമില്ല . ഏതെങ്കിലും സ്ഥലത്തു കിടന്നുറങ്ങും. പിന്നെ ഓരോ സ്ഥലത്തും കൂട്ടുകാരെ സമ്പാദിക്കുന്നതിലൂടെ ഭക്ഷണ കാര്യങ്ങളും നടക്കും. ‘ആളുകൾ ചിലപ്പോൾ ഞങ്ങൾക്കു ഭക്ഷണത്തിനുള്ള സാധനങ്ങൾ വാങ്ങിത്തരും. ചിലപ്പോൾ ഞങ്ങൾ മീൻ പിടിക്കും.

കൂൺ പാകം ചെയ്തു കഴിക്കും. അത്യാവശ്യ പാചക സാമഗ്രികളൊക്കെ പക്കലുണ്ട്. ആരാധനാലയങ്ങളിൽ ചെല്ലുമ്പോഴും ഭക്ഷണം കിട്ടുന്നു’ – അവർ പറയുന്നു. ‍താമസിക്കാൻ ഹോട്ടൽ മുറി വേണമെന്നില്ല. ചിലപ്പോൾ വെളിമ്പറമ്പിൽ കൂടാരം ഉണ്ടാക്കി കിടന്നുറങ്ങും. അതിനുള്ള അത്യാവശ്യ സാമഗ്രികൾ കയ്യിലുണ്ട്. ‘ഏതു തറയും നല്ലതാണ്’ – അതാണ് അവരുടെ പാർപ്പിട സങ്കൽപം. ഇന്ത്യയിൽ ഒരു വർ‍ഷത്തെ സഞ്ചാരമാണു ലക്ഷ്യം. കൂട്ടത്തിൽ നേപ്പാളിൽ പോകണമെന്നും ആഗ്രഹിക്കുന്നു.

ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ചുറ്റിയടിച്ചാണു കേരളത്തിലെത്തിയത്. കർണാടകയിൽ നിന്നു മലബാറിലൂടെ. എന്തുകൊണ്ട് ഇന്ത്യ തിരഞ്ഞെടുത്തെന്നു ചോദിച്ചാൽ മറുപടിയിൽ ആവേശം നിറയുന്നു: ‘ഇവിടം സമ്പന്നമായ സംസ്കാരമുള്ളതാണെന്നു ഞങ്ങൾക്കറിയാം. ഓരോ ഭാഗത്തും വ്യത്യസ്തമായ സംസ്കാരങ്ങൾ, രീതികൾ, ആളുകൾ. ഇന്ത്യ അനന്യമാണ്.

’ ന്യൂഡൽഹിയിൽ പ്രശസ്ത സംഗീതജ്ഞൻ സലിൽ മഹ്റോത്രയെ സന്ദർശിച്ചത് അവരുടെ വലിയ അനുഭവമാണ്. ലോസ് കിറ്റ്കാറ്റ് എന്ന പേരിൽ സംഗീത ബാൻഡുണ്ടാക്കിയിരുന്നു ഇവർ. പോകുന്നിടത്തൊക്കെ അവസരം കിട്ടിയാൽ സംഗീതം അവതരിപ്പിക്കുകയും ചെയ്യുന്നു. വയനാട്ടിലും മറ്റും സ്കൂൾ കുട്ടികൾക്കൊപ്പം പാടി.

വിഡിയോ ലോസ് കിറ്റ്കാറ്റിന്റെ ഫെയ്സ്ബുക് പേജിലുണ്ട്. സ്പെയിൻ എന്നു കേൾക്കുമ്പോൾ ചില തനതു ഭക്ഷണ വിഭവങ്ങൾ ഓർക്കുന്നു എന്നു പറഞ്ഞപ്പോൾ ഡാനിയലിന് ആവേശമായി. ‘ഞാൻ പാചകം ചെയ്യും. സ്പാനിഷ് ഓംലറ്റും കടൽ വിഭവങ്ങളും അരിയും ചേരുന്ന പയെല്ലയും ഉണ്ടാക്കി പലരെയും പഠിപ്പിച്ചു.

പല ഇന്ത്യൻ വിഭവങ്ങളും ഉണ്ടാക്കാൻ പഠിച്ചു. ചപ്പാത്തി, ദാൽ, ദോശ, ഇഡ്ഡലി, അങ്ങനെയങ്ങനെ.’ ബാർസിലോന ഫുട്ബോളിനെയും ഓർമിപ്പിക്കുമെന്നു പറഞ്ഞപ്പോൾ ആൻഡ്രൂ കയറി ഹെഡ് ചെയ്തു: ‘ഞാൻ ഫുട്ബോൾ കളിക്കും. ഇരിട്ടിയിലും ആലപ്പുഴ ബീച്ചിലുമൊക്കെ ചെറുപ്പക്കാർക്കൊപ്പം കളിച്ചിരുന്നു.’ ഇന്ത്യയിൽ ഏതു ഭാഗമാണ് ഇഷ്ടപ്പെട്ടതെന്നു ചോദിച്ചാൽ, ‘മലനിരകളെങ്കിൽ ലഡാക്ക്, കടലും കായലുമെങ്കിൽ കേരളം’ എന്നുത്തരം.

പർവതങ്ങളിൽ ചെല്ലുമ്പോൾ അവർ ഗുഹകളിൽ താമസിക്കുന്നു. ദീർഘയാത്രയെങ്കിൽ ട്രക്കുകൾ പോലുള്ള വാഹനങ്ങൾ, ചെറിയ ദൂരത്തേക്കെങ്കിൽ ഇരുചക്രവാഹനങ്ങളിലും കയറും – ഇതാണിവരുടെ ലിഫ്റ്റടിക്കലിന്റെ രീതി. ഇടയ്ക്കു പൊലീസ് വാഹനത്തിലും ബോട്ടിലുമൊക്കെ സഞ്ചരിച്ചു. ഇന്ത്യൻ കാലാവസ്ഥ ഇവർ താങ്ങുന്നുണ്ടോ? ‘ഇവിടെ ചൂടു കൂടുതലാണ്.

എങ്കിലും വലിയ പ്രശ്നമില്ല.’ ചിരിച്ചുകൊണ്ട് അവർ പറയുന്നു: ‘ഇവിടെ ഒരുപാടു കൊതുകുണ്ട്.’ ‘എവിടെയായാലും ലിഫ്റ്റ് കിട്ടാൻ പ്രയാസമില്ല. ആളുകൾ നല്ലവരാണ്. യാത്ര വലിയ അനുഭവമാണ്. ബന്ധങ്ങൾ വളരുന്നു. ഫെയ്സ്ബുക് വഴി അതൊക്കെ നിലനിർത്തുന്നു. ആശങ്കകളില്ല. യാത്രയിൽ എല്ലാം നിങ്ങളെ തേടിവരും.’

യാത്രകൾ ചിട്ടപ്പെടുത്താൻ ഇവരുടെ കയ്യിൽ ഭൂപടമൊന്നുമില്ല. അന്നന്നത്തെ യാത്ര അന്നന്നു തീരുമാനിക്കും. വഴി പറഞ്ഞു തന്ന് ആളുകൾ സഹായിക്കും. അതായത്, ചോദിച്ചു ചോദിച്ചു പോകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments