റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നൽകി ഇന്റലിജന്റ്സ്. ഇതിനെത്തുടർന്ന് ജമ്മു–കശ്മീരിലെ രാജ്യാന്തര അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാൻ പിന്തുണയോടെ ഭീകരർ നുഴഞ്ഞു കയറുമെന്നാണു മുന്നറിയിപ്പ്. ഇതു സംബന്ധിച്ച സൂചന പൊലീസിനും കൈമാറിയിട്ടുണ്ട്. അതിർത്തിയോടു ചേർന്നുള്ള പാക്കിസ്ഥാനിലെ ഒരു ഗ്രാമത്തിൽ മൂന്നോ നാലോ ഭീകരർ തമ്പടിച്ചിട്ടുള്ളതായി വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നു വിവരം ലഭിച്ചിട്ടുണ്ട്. അതിർത്തിയിലെ ഔട്പോസ്റ്റുകൾക്കൊന്നിനു സമീപത്തായാണ് ഇവരുടെ താവളം. ഈ സാഹചര്യത്തിൽ പൊലീസും സുരക്ഷാസേനയും ജാഗ്രതയോടെയിരിക്കണമെന്നാണു നിർദേശം. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്കും ഇതിൽ പങ്കാളിത്തമുണ്ട്. റിപബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കുകയാണു ലക്ഷ്യം. ഒപ്പം സുരക്ഷാസേനാകേന്ദ്രങ്ങളെയും ഭീകരർ ലക്ഷ്യം വച്ചിട്ടുള്ളതായി ഇന്റലിജന്റ്സ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. അതിനിടെ അതിർത്തിയിൽ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നു പ്രകോപനപരമായ വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്. ഇതു നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണെന്ന് ജമ്മു സോൺ ഐജി എസ്.ഡി.സിങ് ജംവാൽ പറഞ്ഞു. പാക് ഷെല്ലാക്രമണം തുടരുന്നതിനാൽ കഴിഞ്ഞ ദിവസം മേഖലയിൽ ‘റെഡ് അലർട്’ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അതിർത്തിയിലെ ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിനു പേരാണ് ഒഴിഞ്ഞു പോയത്.