വലഞ്ചുഴി നടപ്പാലത്തിലേക്കുള്ള പടവുകള്‍ ഇടിഞ്ഞുതാഴ്ന്നു

valachuzhui palam

വലഞ്ചുഴി നടപ്പാലത്തിലേക്കുള്ള പടവുകള്‍ ഇടിഞ്ഞുതാഴ്ന്നു. നഗരസഭ നാലുവര്‍ഷം മുന്പ് 42 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇരുന്പുപാലമാണ് നാട്ടുകാരുടെ ജീവനു ഭീഷണിയായി മാറിയിരിക്കുന്നത്. ഇരുഭാഗത്തെയും പടവുകള്‍ പാലവുമായുള്ള ബന്ധംവിട്ട് ഏതുസമയവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ഇതിനു പരിഹാരമായി ഇരുന്പു പൈപ്പുകള്‍ ഉപയോഗിച്ച് മുട്ടുകൊടുത്തിട്ടുണ്ടെങ്കിലും പടവുകള്‍ പാലത്തില്‍ നിന്നും കൂടുതല്‍ അകന്നു മാറിയത് ഇന്നലെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനുപുറമെ പടവുകള്‍ പലയിടത്തും വിണ്ടുകീറിയ നിലയിലുമാണ്. കോണ്ക്രീറ്റ് ഇളകിമാറിയ വിടവില്‍ യാത്രക്കാരുടെ കാലുകള്‍ കുടുങ്ങി അപകടത്തില്‍ പെടാനുള്ള സാധ്യതയും ഏറെയാണ്.ഉറപ്പേറിയ പാറയുടെ മുകളില്‍ നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ തകര്‍ച്ചയ്ക്കു കാരണം നിര്‍മാണത്തിലെ അഴിമതിയാണെന്നാണ് നാട്ടുകാരുടെ ആരോപണം. അച്ചന്‍കോവിലാറിന് കുറുകെ പത്തനംതിട്ട നഗരസഭയെയും പ്രമാടം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന വലഞ്ചുഴി ഇല്ലത്തുകടവ് പാലം നാട്ടുകാരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് യാഥാര്‍ഥ്യമായത്.