Thursday, April 25, 2024
HomeKeralaഅനധികൃതമായി ആയുധം ഉപയോഗിച്ചുള്ള പരിശീലനം നടത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

അനധികൃതമായി ആയുധം ഉപയോഗിച്ചുള്ള പരിശീലനം നടത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

സംസ്ഥാനത്ത് അനധികൃതമായി ആയുധം ഉപയോഗിച്ചുള്ള കായിക പരിശീലനം നടത്തുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.പോപ്പുലർ ഫ്രണ്ട് ആർഎസ്എസ് പോലുള്ള സംഘടനകൾ മാസ്ഡ്രിൽ നടത്തുന്നതായും, ആർഎസ്എസ് ശാഖകളിൽ ദണ്ഡ് ഉപയോഗിച്ച് പരിശീലനം നടത്തുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനധികൃതമായ ഇത്തരം പരിശീലനങ്ങൾ നടത്തുന്നവർക്കെതിര കർശന നടപടി സ്വീകരിക്കും. ആരാധാനാലയങ്ങളിലെ അടക്കം ആയുധ പരിശീലനം തടയുന്നതിന് ആവശ്യമെങ്കിൽ നിയമനിർമാണം നടത്തും. മാത്രമല്ല പോലീസ് ആക്ടിലെ വകുപ്പുകൾക്കനുസൃതമായി ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ചില ആരാധനാലയങ്ങളുടെ പരിസരങ്ങൾ, ചില സ്കൂൾ വളപ്പുകൾ സ്വകാര്യ വ്യക്തികളുടെ സ്ഥലം ആളൊഴിഞ്ഞ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തുന്ന ശാഖകളിൽ ദണ്ഡ് ഉപയോഗിച്ചു പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.കേരള പൊലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയംരക്ഷ സംബന്ധിച്ചോ അഭ്യാസരീതികൾ ഉൾക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. സബ് ഇൻസ്പെക്ടർ മുതലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് പരിശോധിക്കാൻ അവകാശമുണ്ട്. ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെർമിറ്റില്ലാതെ ആർക്കും അനുവദിക്കാനും പാടില്ല. ജില്ലാ മജിസ്ട്രേറ്റിന് മാസ്ഡ്രിൽ നിരോധിക്കുന്നതിനുള്ള അധികാരമുണ്ട്. ഈ നിരോധന കാലയളവ് നീട്ടാൻ സർക്കാരിന് അധികാരമുണ്ട്.സംസ്ഥാനത്ത് ചില ആരാധനാലയങ്ങളുടെ പരിസരം, സ്കൂൾ വളപ്പുകൾ, സ്വകാര്യ വ്യക്തികളുടെയും ആളൊഴിഞ്ഞതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആർഎസ്എസ് ദണ്ഡ് ഉപയോഗിച്ചുള്ള പരിശീലനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങൾ ഭക്തർക്ക് സ്വൈര്യമായി ആരാധന നടത്താനുള്ള ഇടങ്ങളാണ്. ഇതിനു വിഘാതമായ പ്രശ്നങ്ങൾ ചില ഇടങ്ങളിൽ ഉണ്ടാകുന്നുണ്ട്. അത്തരം നടപടികളെ കർശനമായി നിയന്ത്രിച്ച് ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കും.എയ്ഡഡ് സ്കൂളുകളിൽ ഇത്തരം സംഘടനകൾ ആയുധപരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങൾക്കെതിരും കുറ്റകരവുമാണ്. മതനിരപേക്ഷത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങളായിരിക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഇതിനെതിരായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും കർശന നടപടി നേരിടേണ്ടിവരും. അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ സ്ഥലം കയ്യേറിയുള്ള ആയുധ പരിശീലനം സ്വകാര്യ വസ്തുവിൻമേലുള്ള കയ്യേറ്റമായാണ് പരിഗണിക്കുന്നത്. പരാതി ലഭിച്ചാൽ നടപടിയുണ്ടാകും. ആയുധപരിശീലനം പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിലവിലുള്ള നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇതിനെതിരേ സർക്കാർ ജാഗ്രത പുലർത്തണം. സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാർ ആയുധ പരിശീലനത്തിൽ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാൽ പരിശോധിച്ച് കർശന നടപടിയെടുക്കും. പാലക്കാട് വിദ്യാലയത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പതാകയുയർത്തിയതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.പൊതുസ്ഥലങ്ങളിൽ മതസംഘടനകളുടേതുൾപ്പെടെയുള്ള ചിഹ്നങ്ങൾ സ്ഥാപിക്കുന്ന രീതിയുണ്ട്. ഇത്തരം വിഷയങ്ങളിൽ ഏകീകൃത നിലപാടാണ് വേണ്ടെതെന്നും ഡി കെ മുരളി, ഇ പി ജയരാജൻ, വി കെ സി മമ്മദ് കോയ, പി ഉണ്ണി, എ എൻ ഷംസീർ, കെ സി ജോസഫ്, ടി വി രാജേഷ്, എൻ എ നെല്ലിക്കുന്ന്, വി ഡി സതീശൻ, പി ടി തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments