Friday, April 19, 2024
HomeKeralaകർദിനാളും കുമ്മനവും കുരിശു നീക്കം ചെയ്ത സംഭവത്തിൽ പ്രതികരിക്കുന്നു

കർദിനാളും കുമ്മനവും കുരിശു നീക്കം ചെയ്ത സംഭവത്തിൽ പ്രതികരിക്കുന്നു

മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ കുരിശ് നീക്കം ചെയ്തതിനെക്കുറിച്ചുള്ള പ്രതികരണത്തിനു കാരണമെന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സ്പിരിറ്റ് ഇൻ ജീസസുമായി സീറോ മലബാർ സഭയ്ക്കു യാതൊരു ബന്ധവുമില്ലെന്നു എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു. കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിക്കുന്നതു സഭ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി തനിക്കു മനോവിഷമം ഉണ്ടാക്കിയെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. അതേസമയം തിരുകേശത്തെ ബോഡി വേസ്റ്റ് എന്നു വിളിച്ചപ്പോഴും ശ്രീ നാരായണ ഗുരുവിനെ അപമാനിച്ചപ്പോഴും തോന്നാത്ത വികാരമാണ് പിണറായിക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രിയെ പരിഹസിച്ചു കുമ്മനം രംഗത്ത് വന്നു. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയുമായി മുഖ്യമന്ത്രിക്ക് എന്ത് ബന്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ചോദിച്ചു. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപലപനീയമാണെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറയുന്നത്. ഈ വിഷയങ്ങളെല്ലാം കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദാവെയെ അറിയിക്കും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടിയുണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണം. ഇക്കാര്യത്തിൽ മത, രാഷ്ട്രീയ വിവേചനം പാടില്ല. നിയമവിരുദ്ധമായ, ദേശദ്രോഹ നടപടി എന്ന നിലയ്ക്കുവേണം ഇതിനെ കണക്കാക്കാൻ എന്ന് പറയുന്ന കുമ്മനം എന്തുകൊണ്ട് ഹിന്ദുക്കൾ നടത്തുന്ന കയ്യേറ്റങ്ങളെക്കുറിച്ചു മൗനം അവലംബിക്കുന്നു എന്ന് വിമർശകർ. ഇതിനിടെ, കുരിശുനീക്കിയതിനെതിരേ യുഡിഎഫും രംഗത്തുവന്നു. കുരിശുനീക്കിയ രീതി വിശ്വാസികൾക്കു പ്രയാസമുണ്ടാക്കിയെന്ന് യുഡിഎഫ് കണ്‍വീനർ പി.പി.തങ്കച്ചൻ പ്രതികരിച്ചു. എന്നാൽ, മുഖ്യമന്ത്രി അറിയാതെയാണ് ഇതു സംഭവിച്ചതെന്നു പറഞ്ഞാൽ വിശ്വസനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുരിശ് ആരാധനാ വസ്തുവാണ്. അത് ജെസിബി വച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മാന്യമായ രീതിയിൽ അതു പൊളിച്ചുനീക്കാമായിരുന്നു എന്ന് കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സര്‍ക്കാരിന് അധികാരമുണ്ടെന്നും അതു ചെയ്യുന്നതിൽ തെറ്റുമില്ലെന്നും എന്നാൽ നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും കർദിനാൾ. അനാദരവുണ്ടാകുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കാതിരിക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നു ഫാ.പോൾ തേലക്കാട്ട് പറഞ്ഞു. ആദരവോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് കുരിശ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments