Thursday, March 28, 2024
HomeInternationalഉത്തരകൊറിയയുമായി യുദ്ധമുണ്ടാക്കുന്നത് വന്‍ദുരന്തത്തിന് കാരണമാകും: അമേരിക്കന്‍ പ്രതിരോധ മേധാവി

ഉത്തരകൊറിയയുമായി യുദ്ധമുണ്ടാക്കുന്നത് വന്‍ദുരന്തത്തിന് കാരണമാകും: അമേരിക്കന്‍ പ്രതിരോധ മേധാവി

ഉത്തരകൊറിയയുമായി യുദ്ധമുണ്ടാക്കുന്നത് അവിശ്വസനീയമായ വന്‍ദുരന്തത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ മേധാവി ജെയിംസ് മാറ്റിസിന്റെ മുന്നറിയിപ്പ്. സൈനിക ഇടപെടലിനേക്കാള്‍ അന്താരാഷ്ട്ര പരിഹാരമായിരിക്കും കൊറിയന്‍ പ്രതിസന്ധിക്ക് ഏറ്റവും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.

വിമാനവാഹിനിയുടെ നേതൃത്വത്തില്‍ പടക്കപ്പലുകള്‍ സജ്ജമാക്കി നിര്‍ത്തിയും ദക്ഷിണകൊറിയയില്‍ പ്രതിരോധ കവചം സ്ഥാപിച്ചും അമേരിക്ക യുദ്ധസന്നാഹങ്ങള്‍ നടത്തുന്നതിനിടെയാണ് യു.എസ് പ്രതിരോധ മേധാവി തന്നെ അനുരഞ്ജനത്തിന് തയാറായി മുന്നോട്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഏറ്റവും വലിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചതിനുശേഷമാണ് അമേരിക്കക്ക് മനംമാറ്റമുണ്ടായതെന്നതും ശ്രദ്ധേയമാണ്.

ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളില്‍നിന്ന് വ്യത്യസ്തമായി ഉത്തരകൊറിയയോട് കളിച്ചാല്‍ കനത്ത തിരിച്ചടി കിട്ടുമെന്ന ഭയം കൂടിയായിരിക്കാം യു.എസ് ഭരണകൂടത്തെ നിലപാടു മാറ്റാന്‍ പ്രേരിപ്പിച്ചത്. കൊറിയന്‍ പ്രതിസന്ധിക്ക് സൈനിക പരിഹാരം തേടിയാല്‍ വന്‍ദുരന്തമായിരിക്കും സംഭവിക്കുകയെന്ന് പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മാറ്റിസ് പറഞ്ഞു. ഐക്യരാഷ്ടസഭയുമായും ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളുമായും സഹകരിച്ച് പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാനാണ് യു.എസ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയ വികസിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. പ്രശ്‌നത്തില്‍ ചൈനയുടെ ഇടപെടലിനെ മാറ്റിസ് അഭിനന്ദിച്ചു. ഞായറാഴ്ച നടത്തിയ മിസൈല്‍ പരീക്ഷണത്തില്‍നിന്ന് ഉത്തരകൊറിയയുടെ ശാസ്ത്രജ്ഞര്‍ നിരവധി കാര്യങ്ങള്‍ പഠിച്ചതായും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ ഉത്തരകൊറിയ വികസിപ്പിച്ചുകഴിഞ്ഞതായി യു.എസിന് സംശയമുണ്ട്. പരീക്ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞര്‍ക്ക് ഉത്തരകൊറിയയുടെ തെരുവുകളില്‍ രാജോചിത സ്വീകരമാണ് ലഭിച്ചത്. അമേരിക്ക ശത്രുതാപരമായ സമീപനത്തില്‍നിന്ന് പിന്‍വാങ്ങുന്നതായിരിക്കും നല്ലതെന്ന് ഉത്തരകൊറിയയുടെ യു.എന്‍ അംബാസഡര്‍ കിം ഇന്‍ റ്യോങ് അഭിപ്രായപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments