Friday, March 29, 2024
HomeCrimeഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷൻ കേസ്

ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷൻ കേസ്

ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ് ഓടുന്ന കാറിൽ നടിയെ പീഡിപ്പിച്ചതിലൂടെ നടപ്പിലായത്. നടിയെ ഉപദ്രവിച്ച കേസിന്റെ മുഖ്യ സൂത്രധാരൻ നടൻ ദിലീപ് ആണെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആരോപിച്ചു. എല്ലാ മൊഴികളും വിരൽ ചൂണ്ടുന്നതു ദിലീപിലേക്കാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് (ഡിജിപി) ബോധിപ്പിച്ചു. എന്നാൽ ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും രണ്ടുപേർ തമ്മിൽ കണ്ടാൽ ഗൂഢാലോചനയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. പൊലീസിന്റെ കേസ് ഡയറി നാലു കെട്ടുകളിലായി കോടതിയുടെ പരിശോധനയ്ക്കു കൈമാറി. വാദം പൂർത്തിയായതിനെ തുടർന്നു ദിലീപിന്റെ ജാമ്യഹർജി വിധി പറയാൻ മാറ്റി. ഒട്ടേറെ കേസുകളിൽ പ്രതിയും ക്രിമിനലുമായ സുനിൽകുമാറിന്റെ (പൾസർ സുനി) മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിനെ പ്രതിചേർത്ത് അറസ്റ്റ് ചെയ്തതിൽ ന്യായീകരണമില്ലെന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. ഉന്നതതലത്തിൽ ആഴമേറിയ ഗൂഢാലോചന നടത്തിയാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. സിനിമാ ജീവിതം തകർക്കാനും സമൂഹമധ്യേ അപഹാസ്യനാക്കാനും ലക്ഷ്യമിട്ടാണു കേസ്. ഒട്ടേറെ സിനിമ പ്രോജക്ടുകളിൽ ഒപ്പുവച്ചിട്ടുള്ള ദിലീപിനെ ഇനിയും തടവിൽ വയ്ക്കുന്നതു സിനിമാ ജീവിതത്തെ ബാധിക്കും. അന്തിമ കുറ്റപത്രം നൽകി ഏറെക്കാലം കഴിഞ്ഞാണു ദിലീപിനെ കേസിലുൾപ്പെടുത്തിയത്. ആദ്യം 13 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്തു. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടും അറസ്റ്റ് ചെയ്തു. അറസ്റ്റ് ദിവസവും 10 മണിക്കൂർ ചോദ്യം ചെയ്തുവെന്നും വാദിച്ചു. അതേസമയം, അൽപം വൈകിയാലും ഗൂഢാലോചന അന്വേഷിക്കാൻ തടസ്സമില്ലെന്നു കോടതി വാദത്തിനിടെ പറഞ്ഞു. ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പ്രത്യേകാന്വേഷണ സംഘത്തിനു ലഭിച്ചതായി ഡിജിപി ബോധിപ്പിച്ചു. ഗൂഢാലോചനയുടെ അന്വേഷണ സാധ്യത ബാക്കിവച്ചാണ് ആദ്യ കുറ്റപത്രം നൽകിയത്. ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷൻ എന്ന നിലയ്ക്കു ശിക്ഷിക്കപ്പെട്ടാൽ ചരിത്രത്തിന്റെ ഭാഗമാകുമെന്നും ബോധിപ്പിച്ചു. ‍എന്നാൽ, ഉപദ്രവിക്കപ്പെട്ട നടി പോലും ദീലീപിന്റെ പേരു പരാമർശിച്ചിട്ടില്ലെന്നു ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. പരാതിക്കാരിയും മറ്റൊരു പ്രധാന സാക്ഷിയും സ്വാധീനത്തിനു തെല്ലും സാധ്യതയില്ലാത്തവരാണ്. സുനിൽകുമാറിനെ പരിചയമില്ല. ജാമ്യം തള്ളിയ മജിസ്ട്രേട്ട് കോടതി വിധിയിൽ സമാനമനസ്കർക്കുള്ള സന്ദേശമാണെന്നു പറഞ്ഞത് ഉചിതമായില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. ശിക്ഷ വിധിക്കുന്ന ഘട്ടത്തിലാണ് ഇത്തരം പരാമർശങ്ങൾ നടത്താറുള്ളതെന്ന വാദത്തോടു കോടതിയും യോജിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments