Friday, March 29, 2024
HomeTop Headlines100 കിലോ കഞ്ചാവുമായി റാന്നിക്കാരൻ അടക്കം 3 പേർ പിടിയിൽ

100 കിലോ കഞ്ചാവുമായി റാന്നിക്കാരൻ അടക്കം 3 പേർ പിടിയിൽ

ആന്ധ്രയില്‍ നിന്നു രഹസ്യമായി കേരളത്തിലെത്തിച്ച 100 കിലോഗ്രാം കഞ്ചാവുമായി 3 പേരെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. ഇടുക്കി രാജാക്കാട് തേവരോലിയില്‍ വിനോദ് (കുഞ്ഞ് 47), തൃശൂര്‍ ആമ്പല്ലൂര്‍ കുറ്റാരപ്പിള്ളി ജോബി (37),റാന്നി ഏര്‍ത്തില്‍ മാത്യു (44) എന്നിവരാണു കഞ്ചാവുമായി പിടിയിലാ യത്. നേരത്തേ, ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവ് റാന്നിയിലെ രഹസ്യ ഗോഡൗണിലാണു സൂക്ഷിച്ചിരുന്നത്.
വാനിന്റെ രഹസ്യ അറയില്‍ കടത്തിയ കഞ്ചാവാണ് എം.സി റോഡില്‍ വാഹനം തടഞ്ഞു പൊലീസ് സാഹസികമായി പിടികൂടിയത്. സംസ്ഥാനത്തു പൊലീസ് നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളി ലൊന്നാണിത്. അറുപതിലേറെ പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 25 ലക്ഷത്തോളം രൂപ വിലയുള്ള കഞ്ചാവാണ് പിടികൂടിയത്. ഇവിടെ നിന്ന് ഇടുക്കി, കോട്ടയം, തൃശൂര്‍ ഭാഗങ്ങളില്‍ വില്‍പന നടത്താന്‍ കൊണ്ടുപോകും വഴി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിരിച്ച വലയിൽ ഇവർ കുടുങ്ങുകയായിരുന്നു.

വാനിന്റെ പ്ലാറ്റ്‌ഫോമിനടിയില്‍ നിര്‍മിച്ച രഹസ്യ അറയില്‍ പേപ്പര്‍ ബാഗുകളിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ വൈകിട്ട് മൂന്നിന് എംസി റോഡില്‍ കാഞ്ഞിരക്കാട് പുത്തന്‍പാലത്തിനു സമീപമാണു പൊലീസ് വാഹനം തടഞ്ഞ് ഇവരെ പിടികൂടിയത്. വാനിന് അകമ്പടിയായി സഞ്ചരിച്ച കാറും പിടികൂടി. കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നു കഞ്ചാവുമായി ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു വന്‍ കഞ്ചാവ് വേട്ടയ്ക്കു കളമൊരുങ്ങിയത്.

കഞ്ചാവുമായി ചിലര്‍ കടന്നുപോകുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നു കഴിഞ്ഞ ദിവസം പൊലീസ് പെരുമ്പാവൂര്‍ മുതല്‍ തൃശൂര്‍ വരെ ഒരു സംഘത്തെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍, ഇവര്‍ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൂവര്‍ സംഘം പിടിയിലായത്. പിന്തുടര്‍ന്നപ്പോള്‍ കടന്നുകളഞ്ഞവര്‍ ഇവര്‍ തന്നെയാണോയെന്നു പൊലീസ് പരിശോധിച്ചു വരികയാണ്.

ഡി.വൈ.എസ.്പി ജി. വേണു, സിഐ ജെ. കുര്യാക്കോസ്, എസ്.ഐ പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തിലാണു കഞ്ചാവ് പിടികൂടിയത്. കുന്നത്തുനാട് ഡപ്യൂട്ടി തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കഞ്ചാവ് അളന്നു തിട്ടപ്പെടുത്തി. മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പ്രതികളെ വിശദമായി ചോദ്യംചെയ്യുമെന്നു പൊലീസ് അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 100 കിലോഗ്രാമിനു മുകളില്‍ കഞ്ചാവ് പിടികൂടുന്നത് ആറാം തവണ. ഇത്തവണ പൊലീസാണെങ്കില്‍ കഴിഞ്ഞ അഞ്ചുതവണയും എക്‌സൈസ് ഉദ്യോഗസ്ഥരാണു കഞ്ചാവു പിടികൂടിയത്. സമീപകാലത്തു കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന അളവില്‍ കഞ്ചാവ് പിടികൂടിയതു തിരുവനന്തപുരത്താണ്.

റെയില്‍വേ സ്റ്റേഷനില്‍ വാളന്‍പുളി എന്ന വ്യാജേനെ എത്തിച്ച 420 കിലോഗ്രാം കഞ്ചാവാണു പിടികൂടിയത്. കുമളി ചെക് പോസ്റ്റില്‍നിന്നു പിടിച്ചെടുത്തത് 240 കിലോഗ്രാം കഞ്ചാവ്. മിനിലോറിയുടെ പ്ലാറ്റ് ഫോമില്‍ പ്രത്യേക അറയുണ്ടാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

പാലക്കാട്ടു നിന്ന് 100 കിലോയിലധികം കഞ്ചാവ് പിടികൂടിയതു രണ്ടു തവണ. ആഡംബര കാറുകളുടെ പ്ലാറ്റ് ഫോമില്‍ പ്രത്യേക അറയുണ്ടാക്കിയാണു കഞ്ചാവ് എത്തിച്ചത്. തൃശൂരിലും ഒരു തവണ 100 കിലോഗ്രാമിലധികം കഞ്ചാവു പിടികൂടിയിട്ടുണ്ട്. എല്ലാം ആന്ധ്രയില്‍ നിന്നാണു വാഹനത്തില്‍ നിറച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഒഡിഷയില്‍നിന്ന് എത്തിച്ച് ആന്ധ്രയില്‍ ശേഖരിച്ചിരുന്ന കഞ്ചാവായിരുന്നു ഈ കേസുകളിലെല്ലാം പിടിച്ചെടുത്തത്. കേരളത്തില്‍ വില്‍പന നടത്താനായി കൊണ്ടുവന്ന 500 കിലോഗ്രാമില്‍ അധികം കഞ്ചാവ് ആന്ധ്രയിലെ ചെക് പോസ്റ്റില്‍ പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്.

ആന്ധ്രയില്‍ നിന്നും ഒഡിഷയില്‍ നിന്നും മാത്രമേ വലിയ അളവ് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നുള്ളൂവെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ പക്കലുള്ള വിവരം. ഇടുക്കിയും അട്ടപ്പാടി അഗളിയും കഞ്ചാവ് കൃഷിയുടെ കേന്ദ്രമായിരുന്നുവെങ്കിലും ഇപ്പോള്‍ ഇവിടെനിന്നു വലിയ അളവില്‍ വരവില്ല.

രണ്ടായിരത്തില്‍ ഇടുക്കി ചിന്നക്കനാലില്‍ മഞ്ഞപ്പെട്ടി കാട്ടില്‍ വലിയ കഞ്ചാവ് തോട്ടം എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചിരുന്നു. 2003ല്‍ അഗളിയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി വ്യാപകമായി കഞ്ചാവ് തോട്ടം നശിപ്പിച്ചിരുന്നു.

ആന്ധ്രയില്‍ നിന്നു കടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിടിയിലായവര്‍ സ്ഥിരം കഞ്ചാവ് കടത്തുകാര്‍

പിടിയിലായ മൂന്നുപേരും സ്ഥിരം കഞ്ചാവ് കടത്തുകാരും ശിക്ഷയനുഭവിച്ചിട്ടുള്ളവരും. വിനോദ് പത്തു വര്‍ഷം മുന്‍പ് 64 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് 12 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളാണ്. ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കടത്തു തുടങ്ങിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത കാര്‍ ഇയാളുടേതാണ്.

കഞ്ചാവ് കടത്തിയതിനു ജോബിക്കെതിരെ രണ്ടു കേസുകളുണ്ട്. 2014ല്‍ ഒന്നരക്കിലോഗ്രാം കഞ്ചാവുമായി തൃശൂര്‍ കോലഴിയില്‍ ഇയാള്‍ പിടിയിലായിരുന്നു.

മൂന്നു കിലോഗ്രാം കഞ്ചാവുമായി തൃശൂരില്‍ കഴിഞ്ഞ വര്‍ഷവും ഇയാള്‍ പിടിയിലായി. പിടികൂടിയ വാന്‍ ഇയാളുടേതാണ്. മാത്യു കഞ്ചാവ് കടത്തില്‍ ഇവരുടെ സ്ഥിരം കൂട്ടാളിയാണെങ്കില്‍ ഇതുവരെ പിടിക്കപ്പെട്ടതായി രേഖയില്ല. വര്‍ഷങ്ങളായി ഇവര്‍ ആന്ധ്രയില്‍നിന്നു കഞ്ചാവ് കടത്തുകയാണെന്നു പൊലീസ് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments