Tuesday, April 16, 2024
HomeKeralaനടന്‍ ദിലീപിനു സുരക്ഷയൊരുക്കി 'തണ്ടര്‍ ഫോഴ്‌സ്'

നടന്‍ ദിലീപിനു സുരക്ഷയൊരുക്കി ‘തണ്ടര്‍ ഫോഴ്‌സ്’

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപ് സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ സംരക്ഷണ വലയത്തില്‍. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് എന്ന ഏജന്‍സിയാണ് ദിലീപിന് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിരമിച്ച മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സുരക്ഷാ സംഘത്തെ നയിക്കുന്നത്. ഇവരുടെ സംഘം ഇന്നലെ രാത്രിയോടെ ദിലീപിന്റെ വീട്ടിലെത്തി. സംഘത്തിലെ മൂന്ന് പേര്‍ ദിലീപിനൊപ്പം സിനിമയുടെ ലൊക്കേഷനിലും മറ്റു യാത്രയിലും അനുഗമിക്കും. ലൊക്കേഷനിലും മറ്റുമുള്ള യാത്രയില്‍ ദിലീപിനു നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ മറ്റോ ഉണ്ടാവുന്നത് തടയുകയാണ് സുരക്ഷാ ഏജന്‍സിയുടെ ചുമതല.

ഇന്നലെ ആലുവ കൊട്ടാരക്കടവിലെ വീട്ടിലാണ് തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷാ വാഹനങ്ങളില്‍ സംഘം എത്തിയത്. നിരവധി സുരക്ഷാ വാഹനങ്ങളുടെയും സുരക്ഷാസേനയുടെയും അകമ്പടിയോടെ രണ്ട് ആഡംബര കാറുകളാണ് ദിലീപിന്റെ വീട്ടിലേത്തിയത്. ഈ സമയം ദിലീപും കാവ്യയും സഹോദരിയും വീട്ടിലുണ്ടായിരുന്നു. സന്ദര്‍ശകര്‍ അരമണിക്കൂറോളം ദിലീപിനൊപ്പം ചെലവഴിച്ചു. ദിലീപിന്റെ വീട്ടിലെത്തിയ വി.ഐ.പികളാരെണെന്ന് മാദ്ധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഇതേക്കുറിച്ച് പൊലീസുകാര്‍ വിവരമറിഞ്ഞത് തന്നെ.

അതേസമയം, ദിലീപ് സ്വകാര്യ സുരക്ഷ തേടിയത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ആയുധങ്ങളുടെ സഹായത്തോടെയാണോ ദിലീപിന്റ സുരക്ഷയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തനിക്ക് സുരക്ഷാഭീഷണി ഉള്ളതായി ദിലീപ് പൊലീസിന് പരാതിയൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ പൊലീസ് ഇതിനെ ഗൗരവമായാണ് കാണുന്നത്.

വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കുന്ന തണ്ടര്‍ ഫോഴ്‌സ് ഗോവയിലെ പോര്‍വോറിം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.ഇതോടൊപ്പം ഗോവയിലെ ഹാര്‍വെലിമില്‍ കമ്പനിക്ക് സുരക്ഷാ കാര്യങ്ങളില്‍ പഠനവും പരിശീലനവും നല്‍കുന്ന അക്കാഡമിയും തണ്ടര്‍ ഫോഴ്‌സിനുണ്ട്. ദുബായിലും ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ നൂറു പേര്‍ ജീവനക്കാരാണ്. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് കോഴിക്കോട് മുന്‍ കമ്മിഷണറായിരുന്ന പി.എ.വല്‍സനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ജോലിയില്‍നിന്നു വിരമിച്ച ശേഷം ഇദ്ദേഹം കേരളത്തില്‍ തണ്ടര്‍ ഫോഴ്‌സിന്റെ ചുമതലക്കാരനായുണ്ട്. മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന കേരള പൊലീസിന്റെ തണ്ടര്‍ ബോള്‍ട്ടിന്റെ അതേ യൂണിഫോമാണ് തണ്ടര്‍ഫോഴ്‌സിന്റേതും. കേരളത്തില്‍ ഇതുവരെ ദിലീപ് ഉള്‍പ്പെടെ നാലു പേര്‍ക്കാണ് തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷയുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments