Friday, April 19, 2024
HomeKeralaബിജെപിയെ കേരള രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയാക്കി മാറ്റാന്‍ ശബരിമല സമരം പര്യാപ്തമല്ലെന്ന് കോണ്‍ഗ്രസ്

ബിജെപിയെ കേരള രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയാക്കി മാറ്റാന്‍ ശബരിമല സമരം പര്യാപ്തമല്ലെന്ന് കോണ്‍ഗ്രസ്

ബിജെപിയെ കേരള രാഷ്ട്രീയത്തില്‍ ഒരു നിര്‍ണായക ശക്തിയാക്കി മാറ്റാന്‍  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍  നടത്തുന്ന സമരം പര്യാപ്തമല്ലെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ആവര്‍ത്തിക്കും എന്ന പ്രതീക്ഷയാണ് ശബരിമല പ്രക്ഷോഭം കത്തിനില്‍ക്കുന്ന വേളയിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

2009ല്‍ യുഡിഎഫ് 16 ലോക്‌സഭാ സീറ്റുകള്‍ നേടിയിരുന്നു. വരുന്ന ലോക്‌സഭാ സീറ്റില്‍ 16 സീറ്റ് യുഡിഎഫ് നേടും എന്നാണ് നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിലയിരുത്തല്‍. കാസര്‍കോട്, പാലക്കാട് തുടങ്ങി നാലോളം സീറ്റുകള്‍ മാത്രമാണ് 2009ല്‍ കോണ്‍ഗ്രസിന് കൈമോശം വന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ചാലക്കുടി, തൃശൂര്‍ എന്നീ ലോക്‌സഭാ സീറ്റുകള്‍ ഉറപ്പ് എന്ന നിലയിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നത്. ഇടുക്കി, പാലക്കാട്, കാസര്‍കോട്, ചിറയിന്‍കീഴ് തുടങ്ങി നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് വിലയിരുത്തല്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പഴുതടച്ച്‌ നടപ്പിലാക്കിയാല്‍ 2009 ലെ ലോക്‌സഭാ ഫലം തന്നെ ആവര്‍ത്തിക്കും. റിപ്പബ്ളിക് ടിവി പുറത്തു വിട്ട തിരഞ്ഞെടുപ്പ് ഫലവും ഏകദേശം കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലിനോട് ഒപ്പം നില്‍ക്കുന്നതാണ്. ഇടുക്കി, ചാലക്കുടി ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൊണ്ട് നഷ്ടമായതാണു എന്നാണ് മുന്‍പേ തന്നെ വിലയിരുത്തിയത്. മികച്ച സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് നിര്‍ത്തിയിരുന്നെങ്കില്‍ ഈ സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമായിരുന്നു.

കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസ് ആയിരുന്നു ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പി.സി .ചാക്കോയാണ് ചാലക്കുടിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനു മുന്നില്‍ പരാജയം നുണഞ്ഞത്. ഈ രണ്ടു സീറ്റുകളും ഭദ്രമായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വഴി തിരിച്ചു പിടിക്കാന്‍ ഇക്കുറി കോണ്‍ഗ്രസ് ശ്രമിക്കും. ‘ഇടുക്കിയിലും ചാലക്കുടിയും കോണ്‍ഗ്രസിന്റെ വിജയ സീറ്റുകള്‍ ആയിരുന്നു. അത് തിരിച്ചു പിടിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നെങ്കില്‍ യുഡിഎഫിന് കഴിയുമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പറവൂര്‍ എംഎല്‍എയുമായ വി.ഡി.സതീശന്‍ മറുനാടന്‍ മലയാളിയോട് പ്രതികരിച്ചു. കഴിഞ്ഞ തവണ നോട്ടപ്പിശക് കൊണ്ട് നഷ്ടമായ സീറ്റുകള്‍ കോണ്‍ഗ്രസും യുഡിഎഫും തിരിച്ചു നേടുക തന്നെ ചെയ്യും. ശബരിമലയാണ് ബിജെപിയുടെ കയ്യിലുള്ള ആയുധം.

ശബരിമല വഴി ലോക്‌സഭാ സീറ്റിലേക്കാണ് ബിജെപി നോട്ടം എറിയുന്നത്. ശബരിമല വെച്ചുള്ള ഈ കളി കേരളം അംഗീകരിക്കില്ലാ എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സെക്യുലര്‍ ആയുള്ള കേരളത്തില്‍ നഗ്നമായ വര്‍ഗീയത അംഗീകരിക്കപ്പെടില്ല. കമ്യൂണല്‍ പൊളിറ്റിക്‌സ് കേരളത്തിനു അപരിചിതമാണ്. ഈ അപരിചിതമായ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നത്. അതുകൊണ്ട് വലിയ വിജയം ബിജെപിക്ക് ലഭിക്കില്ല-സതീശന്‍ പറയുന്നു.

സിപിഎം കരുതുന്നത് കോണ്‍ഗ്രസ്-യുഡിഎഫ് വോട്ട് ഷെയറില്‍ നിന്ന് നല്ലൊരു പങ്ക് ബിജെപി പിടിച്ചടക്കട്ടെ. എന്നാണ് ഇതിനാണ് ശബരിമല ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ മതേതര നിലപാട് എന്ന രീതിയില്‍ സിപിഎം മുന്നോട്ടു പോകുന്നത്. പ്രിന്‍സിപ്പല്‍ ഓപ്പോസിഷന്‍ കോണ്‍ഗ്രസ് ആണ്. ഈ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുക. ഇതാണ് സിപിഎം ലക്ഷ്യം. സിപിഎമ്മിന് മുന്നിലുള്ള യുഡിഎഫ് എന്ന പ്രതിപക്ഷത്തെ ദുര്‍ബലമാക്കുക. യുഡിഎഫ് വോട്ട് ഷെയര്‍ ബിജെപി പിടിച്ചടക്കട്ടെ. ഈ ഫീലിലാണ് സിപിഎം കേരളത്തില്‍ നീങ്ങുന്നത്. ശബരിമല പൊളിറ്റിക്സില്‍ വ്യക്തമാകുന്നത് ഈ സിപിഎം നിലപാടാണ്. പക്ഷെ ശബരിമല പ്രശ്‌നത്തോടെ ബിജെപിക്ക് ഒരു ഇടം സിപിഎം ഒരുക്കി നല്‍കിയിട്ടുണ്ട്. യുഡിഎഫിനെ പിളര്‍ത്തുക. കേരളത്തില്‍ രണ്ടു പ്രതിപക്ഷത്തെ സൃഷ്ടിക്കുക. ഇതിനാണ് സിപിഎം ഒരുങ്ങിയിരിക്കുന്നത്. ഈ അപകടകരമായ രാഷ്ട്രീയം വിജയിക്കില്ലെന്നു തന്നെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

സിപിഎമ്മിനോട് ജനങ്ങള്‍ക്ക് വിരോധം വന്നാല്‍ തന്നെ ആ വിരോധം വോട്ടില്‍ പ്രതിഫലിക്കുക കോണ്‍ഗ്രസിന് ഭൂരിപക്ഷം നല്‍കിയാവും. ഇത് സിപിഎം കണക്കിലെടുക്കേണ്ടതുണ്ട്. ശബരിമല പ്രശ്‌നത്തില്‍ സിപിഎം പുലിവാല് പിടിച്ചതിന്റെ ലക്ഷണം തന്നെയാണ് ഇന്നലത്തെ കോടിയേരിയുടെ പ്രസ്താവന എന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്.

ശബരിമല പ്രശ്‌നത്തില്‍ ആര്‍എസ്‌എസ് സമരം അവസാനിപ്പിക്കണമെന്നാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. ഇതേ ആവശ്യം തന്നെയാണ് വേറൊരു രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വളരെ ശക്തമായ മത്സരത്തിനാണ് കേരളത്തില്‍ അരങ്ങൊരുന്നത്. ശബരിമല കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അടിമുടി മാറ്റിയ സാഹചര്യത്തില്‍ ഇടതുമുന്നണിയുടെ സീറ്റുകള്‍ പരമാവധി തന്നെ എത്തിപ്പിടിക്കാനാണ് ഇക്കുറി യുഡിഎഫ് ഒരുങ്ങുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments