Thursday, April 25, 2024
HomeKeralaരക്തദാനത്തിലൂടെ 2200ല്‍പ്പരം ആളുകള്‍ക്ക് എച്ച്.ഐ.വി ബാധ; പുതിയ മാര്‍ഗരേഖ

രക്തദാനത്തിലൂടെ 2200ല്‍പ്പരം ആളുകള്‍ക്ക് എച്ച്.ഐ.വി ബാധ; പുതിയ മാര്‍ഗരേഖ

ആര്‍.സി.സിയില്‍ ഒന്‍പതുവയസുകാരിക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച സംഭവത്തെ തുടര്‍ന്ന് രക്തദാനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിക്കും. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖക്ക് അനുസൃതമായാണ് സംസ്ഥാനത്തും ഇത് തയാറാക്കുന്നത്. രക്തമെടുക്കുന്നതുമുതല്‍ സൂക്ഷിക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണം തുടങ്ങി എല്ലാ പ്രവൃത്തികളും ഉള്‍ക്കൊള്ളിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. ആര്‍.സി.സി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
അതേസമയം, വിന്‍ഡോ പീരിയഡിലെ അണുബാധ കണ്ടെത്താനുള്ള നാറ്റ് പരിശോധന (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) നടത്താന്‍ സംസ്ഥാനത്ത് സംവിധാനങ്ങളില്ലാത്തതും ആശങ്ക ഉയര്‍ത്തുന്നു. രക്തദാനത്തിന് മുന്നോടിയായി എച്ച്.ഐ.വി ബാധ കണ്ടെത്താന്‍ നാറ്റ് പരിശോധന നടത്തുന്നുമില്ല. സംസ്ഥാനത്ത് അടിയന്തരമായി നാറ്റ് ലാബുകള്‍ ആരംഭിക്കണമെന്ന ഉന്നതതല സമിതിയുടെ നിര്‍ദേശവും കടലാസിലൊതുങ്ങുകയാണ്. 2013ല്‍ വയനാട്ടില്‍ എട്ടുവയസുകാരിക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി ബാധയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. കുറഞ്ഞത് മൂന്ന് നാറ്റ് ലബോറട്ടറികളെങ്കിലും സംസ്ഥാനത്ത് ആരംഭിക്കണമെന്നതായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ചതുവഴി അര്‍ബുദ രോഗിയായ ഒന്‍പതുവയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വീണ്ടും സജീവമായി പരിഗണിക്കണമെന്ന ആവശ്യമാണുയരുന്നത്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നാറ്റ് ലാബ് ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രക്തദാനം കൂടുതലായി നടക്കുന്ന പ്രദേശങ്ങളില്‍ ലാബ് ആരംഭിക്കണമെന്നാണ് നിര്‍ദേശം. നാറ്റ് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന് വലിയ ചെലവ് വേണ്ടിവരുമെന്നതാണ് ഒരു തടസം. ഇതിന് ആവശ്യമായ പണം അനുവദിക്കേണ്ടിവരും. സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഇവിടത്തെ രക്തബാങ്ക് സംവിധാനം കുറ്റമറ്റതായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും ഉടന്‍ കേരളത്തിലെത്തുമെന്നാണ് സൂചന. രക്തദാനം സുരക്ഷിതമാക്കാന്‍ ന്യൂക്ലിക് ആസിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഐ.എ.ംഎയും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്പത്രികളില്‍ സുരക്ഷിതമായ രക്തം ലഭ്യമാക്കാന്‍ ഇത് അനിവാര്യമാണ്.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രക്തദാനത്തിലൂടെ രാജ്യത്ത് 2200ല്‍പ്പരം ആളുകള്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടെങ്കിലും രക്തദാനം പൂര്‍ണമായും സുരക്ഷിതമാക്കാന്‍ ന്യൂക്ലിക് ആസിഡ് പരിശോധന വ്യാപകമാക്കണം. മുപ്പതിലേറെ രാജ്യങ്ങളില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എലീസ ടെസ്റ്റില്‍ എച്ച്.ഐ.വി ബാധയില്ലെന്നുകണ്ട 13,000 പേരില്‍ 12പേര്‍ക്ക് നാറ്റ് പരിശോധനയില്‍ എച്ച്.ഐ.വിയുണ്ടെന്ന് കണ്ടെത്തി. ഇത് ടെസ്റ്റിന്റെ കൃത്യതയാണ് വെളിപ്പെടുത്തുന്നത്. 10 ദിവസം കഴിഞ്ഞിട്ടുള്ള ഇന്‍ക്യൂബേഷന്‍ സമയത്തെ എച്ച്.ഐ.വി രോഗബാധയും ഇതുവഴി കണ്ടെത്താനാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments