Tuesday, April 23, 2024
HomeKeralaയുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. നടി മഞ്ജു വാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാകും. 1500 ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

12 പ്രതികളിലുള്ള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. അക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. ജയിലില്‍ വെച്ച് സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷിനെയും പുതിയ കുറ്റപത്രത്തില്‍ മാപ്പു സാക്ഷികളാണ്. നടി മഞ്ജു വാര്യരും കേസില്‍ സാക്ഷിയാകും.പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍ സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് നല്‍കിയ വിഷ്ണു തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ അഡ്വ രാജു ജോസഫ് എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.

കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പറയുന്നുണ്ട്. നടി കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ജൂലൈ പത്തിനാണ് നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിന് നാലു ദിവസത്തേക്ക് വിദേശത്ത് പോകാനുള്ള അനുവാദവും ഇന്നലെ കോടതി കൊടുത്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments